പുതുക്കാട്: നെന്മണിക്കര പഞ്ചായത്തിലെ വീട്ടമ്മമാർക്ക് എൽ.ഇ.ഡി നിർമ്മാണത്തിൽ പരിശീലനം. തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. നെന്മണിക്കര പഞ്ചായത്തിലെ പത്താം വാർഡ് മടവാക്കര അംഗൻവാടിയിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
എൽ.ഇ.ഡി ബൾബിന്റെ നിർമ്മാണ പരിശീലനവും സ്വയം തൊഴിൽ നേടുന്നതിന്റെ സാദ്ധ്യതകളും മനസിലാക്കുന്ന രീതിയിലായിരുന്നു വീട്ടമ്മമാർക്കായി പരിശീലനം ഒരുക്കിയിരുന്നത്. കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അദ്ധ്യാപകൻ അനിൽ പോൾ സ്വയം തൊഴിൽ നേടുന്നതിന്റെ സാദ്ധ്യതകളെപറ്റി ക്ലാസ്സ് നയിച്ചു.
അദ്ധ്യാപികമായ ഷെജി, ഇന്ദു ലാൽ, ജീജ എന്നിവർ നിർമ്മാണ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനം പഞ്ചായത്ത് അംഗം പ്രേമ ബാബു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ എം. കൃഷ്ണകുമാർ, ഷൈജു ആന്റണി, അംഗൻവാടി അദ്ധ്യാപിക എം. ഗീത എന്നിവർ പ്രസംഗിച്ചു.