പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ഡ്യൂട്ടിക്കിടെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
കയ്പമംഗലം: ഡ്യൂട്ടിക്കിടെ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു. പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ കെ.എം. സജീവനെതിരെയാണ് കഴിഞ്ഞ ദിവസം കൈയ്യേറ്റ ശ്രമമുണ്ടായത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സക്കെത്തിയ യുവാവിന്റെ കൂടെയുണ്ടായിരുന്നവരാണ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതിനെതിരെ കയ്പമംഗലം പൊലീസിൽ പരാതിയും നൽകിയിരുന്നു. ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കുറ്റവാളികൾക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ആശുപത്രി ജീവനക്കാർക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. കെ.ജി.എം.ഒ.എ സംസ്ഥാന ട്രഷറർ ഡോ.ടി. ഉണ്ണിക്കൃഷ്ണൻ, മിഡ് സോൺ വൈസ് പ്രസിഡന്റ് ഡോ.വി.ഐ. ഹസീന, ജില്ലാ പ്രസിഡന്റ് ഡോ. റാസിം ആബിദ് ഇളയേടത്ത്, ജില്ലാ സെക്രട്ടറിമാരായ ഡോ. ബിനോജ് ജോർജ് മാത്യു, ഡോ.പി. ദിവ്യ സരേശൻ, താലൂക്ക് കൺവീനർ ഡോ.കെ.ജെ. ജീന എന്നിവർ സംസാരിച്ചു.