kda-kathinasicha-malinyam
വാട്ടർടാങ്കിന് താഴെ കത്തിനശിച്ച മാലിന്യം

കൊടകര: പഞ്ചായത്തിലെ വീടുകളിൽ നിന്നും മാസംതോറും ശേഖരിച്ച് കൊടകര കമ്മ്യൂണിറ്റി ഹാളിനു സമീപം കുന്നുകൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് മാലിന്യവും പരിസരവും അഗ്‌നിക്കിരയായി. കഴിഞ്ഞദിവസം രാത്രിയിൽ 11 ഓടെയാണ് സംഭവം. കൊടകരയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാട്ടർ ടാങ്കിന് താഴെയാണ് ചാക്കുകെട്ടുകളാക്കി പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്നത്.

മാലിന്യത്തോടൊപ്പം സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിന്റെ രണ്ട് ഇരുചക്ര വാഹനവും കത്തിനശിച്ചു. ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിൽ നിന്ന് നാല് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് 12 മണിയോടെ തീ അണച്ചത്. പഞ്ചായത്ത് ഓഫീസിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളും തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. മാസങ്ങൾക്ക് മുൻപ് കൊടകര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ലഭിച്ച 108 ആംബുലൻസും പഞ്ചായത്തിന്റെ വാഹനവും സംഭവസ്ഥലത്ത് നിന്ന് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.

കഴിഞ്ഞദിവസം പ്ലാസ്റ്റിക് മാലിന്യം അപ്പോളോ ടയേഴ്‌സിലേക്ക് കയറ്റിപ്പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിറ്റേ ദിവസത്തേക്ക് മാറ്റുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി സോമൻ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.