ചാലക്കുടി: മലയാളികളെ മാത്രമല്ല, തെന്നിന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ ത്രസിപ്പിച്ച ആ മണിനാദം കാതിൽ ചിലമ്പൊലി മാത്രമായി അവശേഷിച്ചിട്ട് മാർച്ച് ആറിന് നാലു വർഷം തികയുന്നു. ഒരു ബുള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം ചേനത്തുനാടിലൂടെ കടന്നു പോയാൽ അറിയാതെ അവർ ഓർത്തുപോകും, തങ്ങളുടെ മണിച്ചേട്ടനെക്കുറിച്ച്.

കാവി മുണ്ടും കറുത്ത ബനിയനും നെറ്റിയിലും കാതുകളിലും കുറി വരച്ചും വെളുക്കെ ചിരിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതി ഇനിയൊരിക്കലും തിരികെയത്തില്ലെന്ന് അവർക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.മണിക്കൂടാരത്തിലേയ്ക്ക് തിരിയുന്ന ചേനത്തുനാട്ടിൽ ഒരു കടയുണ്ട്.

വടക്കൻ പോളിയെന്ന മണിയുടെ സുഹൃത്തിന്റെ കട. വീട്ടിലുള്ള ദിവസം എന്നും പോളിയുടെ കടത്തിണ്ണയിൽ ഇരുന്നായിരിക്കും പത്രപാരായണം. മണിയുടെ മരണവും തുടർന്നുള്ള സംഭവ വികാസങ്ങളുടെ കോലാഹലവും ഇനിയും കെട്ടടങ്ങിയിട്ടില്ല. പൊലീസ്, ക്രൈംബ്രാഞ്ച്, ഒടുവിൽ സി.ബി.ഐ എല്ലാ വിഭാഗവും ഇത്രയും കാലം അന്വേഷിച്ചിട്ടും പ്രിയ കലാകാരൻ മണിയുടെ മരണത്തിൽ ദുരൂഹത കണ്ടെത്താനായില്ല. അതിനിയും ചേനത്തുനാട്ടിലെ പുഴയുടെ ഓളങ്ങളെപ്പോലെ തുടർന്നുകൊണ്ടേയിരിക്കും.

മണിയുടെ ചിത്രം ആലേഖനം ചെയ്ത കല്ലറ കണ്ട് സങ്കടം പറയാനും കണ്ണീരൊഴുക്കാനും ഇന്നും കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി പേർ ഇവിടെയെത്തുന്നു. ഒരു വിളിപ്പാടകലെ മണിയുടെ അന്ത്യ ദിനങ്ങൾക്ക് മൂക സാക്ഷിയായ പാഡിയും കാണാൻ ജനങ്ങളെത്തുന്നുണ്ട്. പാഡിയും മണിയുടെ കല്ലറയുമെല്ലാം വെള്ളിയാഴ്ച മുതൽ ജനത്തിരക്കേറുന്ന ഇടങ്ങളായി മാറും. ഇതിനിടയിൽ മണിക്കൊരു സ്മാരകമെന്ന പ്രഖ്യാപനം ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. സംസ്ഥാന സാംസ്‌കാരിക വകുപ്പ് ബഡ്ജറ്റിൽ ഇതിനായി 75 ലക്ഷം രൂപയാണ് നീക്കിവച്ചത്. ആധുനിക പാർക്ക് നിർമ്മാണ സ്ഥലം നഗരസഭ ഇതിനായി ചൂണ്ടിക്കാട്ടിയെങ്കിലും നിയമ തടസങ്ങളാൽ അതു പ്രായോഗികമായിട്ടില്ല.