venda-krishi-
കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് വെണ്ട കൃഷിയുടെ വിളവെടുപ്പ് നടത്തുന്നു.

കയ്പമംഗലം: വിഷരഹിത വെണ്ടക്കൃഷിയിൽ വിജയഗാഥ രചിച്ച് മധു ചക്കാലയ്ക്കൽ. കയ്പമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഒരേക്കറോളം വരുന്ന സ്വന്തം സ്ഥലത്താണ് വെണ്ട കൃഷി വിളവെടുപ്പ് നടത്തിയത്. ഇരിങ്ങാലക്കുടയിൽ നിന്നും കൊണ്ടുവന്ന ബിൺഢിടെൻ എന്ന ഹൈബ്രിഡ് വെണ്ട വിത്ത് ഉപയോഗിച്ചാണ് വെണ്ട കൃഷി ചെയ്തത് . ചാണകവും, കോഴിക്കാട്ടവും കൂടാതെ ജൈവ രീതിയിൽ നിർമ്മിച്ച വളവും നൽകി. കൂട്ടത്തിൽ കുറ്റിപ്പയറും കൃഷി ചെയ്തു. വിളവെടുപ്പിന്റെ ഉദ്ഘാടനം കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് നിർവഹിച്ചു. കൃഷി ഓഫീസർ സി.എം. റുബീന, പഞ്ചായത്തംഗം ലത ഭരതൻ, എം.ഡി സന്തോഷ്, ജയന്തൻ പുത്തൂർ, ജിനൻ മാമ്പറമ്പത്ത്, കെ.സി ശേഖരൻ എന്നിവർ പങ്കെടുത്തു. ഒരേക്കറോളം വരുന്ന സ്ഥലത്ത് നാലഞ്ചു വർഷങ്ങളായി മധു ജൈവകൃഷി ആരംഭിച്ചിട്ട്. മൂന്നു വർഷം മുമ്പ് ഇവിടെ ഹൈബ്രീഡ് പപ്പായ കൃഷി ചെയ്ത് വൻ വിജയം കൈവരിച്ചിട്ടുണ്ട്. വാഴ, പയർ, വഴുതന, തക്കാളി, പച്ചമുളക്, പടവലം, കക്കരി, ചീര തുടങ്ങീ വിവിധയിനം പച്ചക്കറികൾ ഇവിടെ കൃഷി ചെയ്തു. ഇത്തവണ വെണ്ടയും പയറുമാണ് കൃഷിയിറക്കിയത്. ഇക്കോ ഷോപ്പു വഴിയാണ് പച്ചകറികൾ വിൽക്കുന്നത്. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് അന്നുണ്ടായതെന്ന് മധു പറഞ്ഞു...