nagesh
എ.നാഗേഷ്( സെക്രട്ടറി)​

തൃശൂർ : ബി.ജെ.പി സംസ്ഥാന ഭാരവാഹികളായി ജില്ലയിൽ നിന്ന് അഞ്ച് പേർ. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി സി. സദാനന്ദൻ മാസ്റ്റർ, എം.എസ് സമ്പൂർണ്ണ എന്നിവരെയും വക്താവായി അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറിയായി എ. നാഗേഷ് എന്നിവരെയും പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റായി ഷാജുമോൻ വട്ടേക്കാടിനെയുമാണ് നിയമിച്ചത്.
എൻ.ടി.യു സംസ്ഥാന പ്രസിഡന്റായിരുന്ന സി. സദാനന്ദൻ മാസ്റ്റർ പേരാമംഗലം ശ്രീദുർഗ്ഗാ വിലാസം സ്‌കൂളിലെ അദ്ധ്യാപകനാണ്. കണ്ണൂരിൽ ആർ.എസ്.എസിന്റെ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന എം.എസ് സമ്പൂർണ്ണ കോർപറേഷൻ കൗൺസിലർ കൂടിയാണ്. മുൻമാദ്ധ്യമപ്രവർത്തക കൂടിയാണ്. അഡ്വ. ബി. ഗോപാലകൃഷ്ണൻ നിലവിൽ പാർട്ടി വക്താവായിരുന്നു. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ഗോപാലകൃഷ്ണൻ ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്ന എ. നാഗേഷ് ആദ്യമായാണ് സംസ്ഥാന ഭാരവാഹി സ്ഥാനത്തെത്തുന്നത്. ആർ.എസ്.എസിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന നാഗേഷ് യുവമോർച്ച ജില്ലാ സെക്രട്ടറി, രണ്ട് തവണ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജില്ലയിൽ നിരവധി വാർഡ് മെമ്പർമാരെയും, കൗൺസിലർമാരെയും വിജയിപ്പിച്ചെടുക്കുന്നതിനും നാഗേഷ് ജില്ലാ പ്രസിഡന്റായിരിക്കെ സാധിച്ചു. ലോകസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്ക് നാലര ലക്ഷത്തോളം വോട്ടുകൾ നേടിക്കൊടുത്തു. തലോർ മൾട്ടിപർപ്പസ് സഹകരണ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി 12 വർഷമായി പ്രവർത്തിക്കുന്നു. ഭാരതീയ വാണിജ്യ വ്യവസായ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. ഷാജുമോൻ വട്ടേക്കാട് നിലവിൽ പട്ടികജാതി മോർച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്..