പുതുക്കാട്: വരന്തരപ്പിള്ളി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തൃശൂരിന്റെ ഭാഗമായി വരന്തരപ്പിള്ളിയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. മാർച്ച് ഏഴ് മുതൽ 11 വരെ ഡേവീസ് തിയ്യേറ്ററിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം നേടിയതും ദേശീയ സംസ്ഥാന അവാർഡുകൾക്ക് അർഹമായതുമായ സമകാലിക സിനിമകളും ക്ലാസിക് സിനിമകളും പ്രദർശിപ്പിക്കും.
അഞ്ച് ദിവസങ്ങളിലായി 16 സിനിമകൾ പ്രദർശനത്തിനുണ്ടാകും. ദിവസവും വൈകീട്ട് ഓപ്പൺ ഫോറങ്ങൾ, ചർച്ചകൾ, ചലച്ചിത്ര പ്രവർത്തകരെ ആദരിക്കൽ എന്നിവയും നടക്കും. ജാപ്പനീസ്, തായ്‌ലൻഡ്, റഷ്യ തുടങ്ങിയ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും, മലയാളം ഉൾപ്പെടെ ആറ് ഭാഷാചിത്രങ്ങളും പ്രദർശിപ്പിക്കും. വനിതാദിനത്തിൽ വനിതകൾ നേതൃത്വം നൽകുന്ന ചിത്രവും കുട്ടികൾക്കായുള്ള നോൺസെൻസ് എന്ന ചിത്രവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം. പ്രശസ്ത സിനിമാതാരം ഗൗരിനന്ദ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികൾ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. സംഘാടക സമിതി ചീഫ് എക്‌സിക്യുട്ടീവ് അംഗം ഫാ. ബേബി ഷെപ്പേർഡ്, കൺവീനർ കെ.വി. ശശി, ജോയിന്റ് കൺവീനർ ഷാജി ആളൂപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.