gvr-brhmakalasam
അഭിഷേകം ചെയ്യുന്നതിനായി ബ്രഹ്മകലശം ക്ഷേത്രം കൂത്തമ്പലത്തിൽ നിന്നും ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നു

ഗുരുവായൂർ: ബ്രഹ്മകലശാഭിഷേകം കണ്ട് തൊഴാൻ ഭക്തജന സഹസ്രങ്ങൾ ഗുരുവായൂരിലെത്തി. ക്ഷേത്രോത്സവത്തിന് മുന്നോടിയായി ബിംബചൈതന്യ വർദ്ധനവിനായി നടത്തുന്ന കലശച്ചടങ്ങുകളുടെ സമാപന ദിനമായ ഇന്നലെ അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകം നടന്നു. രാവിലെ പതിനൊന്നോടെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി, ഓതിക്കൻമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടായിരുന്നു മൂലവിഗ്രഹത്തിൽ ബ്രഹ്മകലശം അഭിഷേകം ചെയ്തത്. ആയിരം കുടം കലശം അഭിഷേകം ചെയ്ത ശേഷമായിരുന്നു ചൈതന്യപൂരിതമായ ബ്രഹ്മകലശാഭിഷേകം. 25 ഖണ്ഡങ്ങളിലായി 975 വെള്ളിക്കുടങ്ങളിലും 26 സ്വർണ്ണക്കുടങ്ങളിലുമായിരുന്നു ദ്രവ്യങ്ങളുടെ അഭിഷേകം. കഷായമുൾപ്പെടെയുള്ള ഔഷധ ദ്രവ്യങ്ങളും ഇതിലുൾപ്പെടും.
ക്ഷേത്രം കൂത്തമ്പലത്തിൽ നടന്ന താന്ത്രിക ചടങ്ങുകൾക്ക് ശേഷം പതിമൂന്ന് കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തിമാർ കൂത്തമ്പലം മുതൽ ശ്രീലകം വരെ നിരനിരയായി നിന്നാണ് കലശകുംഭങ്ങൾ ശ്രീലകത്തെത്തിച്ചത്. രാവിലെ പത്തരയോടെ സഹസ്രകലശാഭിഷേകം കഴിഞ്ഞ ശേഷം മുത്തുക്കുട, വെൺചാമരം, വിശേഷാൽ വാദ്യങ്ങൾ, തവിൽ, നാദസ്വരം എന്നിവയുടെ അകമ്പടിയിൽ ബ്രഹ്മകലശം, കുംഭേശകലശം, കർക്കരികലശം എന്നിവ കൂത്തമ്പലത്തിൽ നിന്നും പ്രദക്ഷിണമായി ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് ബ്രഹ്മകലശം എഴുന്നള്ളിച്ചത്. കുംഭേശകലശം ക്ഷേത്രം ഓതിയ്ക്കൻ മുന്നൂലം ഭവൻ നമ്പൂതിരിയും എഴുന്നള്ളിച്ചു. ബ്രഹ്മ കലശാഭിഷേകത്തിന് ശേഷം തന്ത്രി ഉച്ചപൂജ നേദിച്ചു. രാത്രി ശ്രീഭൂതബലിയോടെയാണ് എട്ട് ദിവസമായി നീണ്ടു നിന്നിരുന്ന കലശച്ചടങ്ങുകൾക്ക് പരിസമാപ്തിയായത്. ഒരു വർഷക്കാലമായി ക്ഷേത്രത്തിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടായ അശുദ്ധി ദുരീകരിച്ച് ചൈതന്യത്തെ വർദ്ധിപ്പിക്കുന്നുവെന്നതാണ് കലശത്തിന്റെ പൊരുൾ.