തൃശൂർ : ജില്ലയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 12 പേർ നിരീക്ഷണത്തിൽ. ഇതിൽ അഞ്ച് പേർ മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലാണ് നിരീക്ഷണത്തിലുള്ളത്. അഞ്ച് പേരും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവരാണ്. ഇവരിൽ രണ്ട് പേരെ ഇന്നലെയാണ് പ്രവേശിപ്പിച്ചത്.

ഒരാൾ യു.എ.ഇയിൽ നിന്നും ഒരാൾ സിംഗപ്പൂരിൽ നിന്നുമാണ് എത്തിയത്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വ്യാപിക്കുന്നതിനാൽ ജില്ലയിലും സുരക്ഷാക്രമീകരണം ശക്തമാക്കി. കൊറോണ വൈറസ് ബാധയെ തുടർന്ന് കളക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് സുരക്ഷാനിർദ്ദേശം നൽകി.

ഡൽഹി, ഹൈദരാബാദ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് അവിടെ നിന്നും വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കും. ജില്ലയിൽ കൊറോണ വൈറസ് ബാധ പ്രതിരോധിക്കാനായി മെഡിക്കൽ സംഘത്തെ ഉടൻ രൂപീകരിക്കും. മാർച്ച് 21 കഴിഞ്ഞാൽ ഈ സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ മദ്ധ്യവേനലധിക്ക് അടയ്ക്കുന്നതിനാൽ അവിടെ നിന്നും ധാരാളം പേർ ജില്ലയിൽ എത്തിച്ചേരാൻ സാദ്ധ്യതയുളള സാഹചര്യത്തിൽ ആശുപത്രികളിൽ ആവശ്യമുള്ള ഐസൊലോഷൻ മുറികൾ സജ്ജീകരിക്കും.

ദിനംപ്രതി രണ്ടും മൂന്നും പേർ ആശുപത്രികളിൽ ചികിത്സ തേടി വരുന്നുണ്ടെന്നും നിരവധി ടെലിഫോൺ കോളുകൾ ആരോഗ്യവകുപ്പിന് ലഭിക്കുന്നതായും ഡി.എം.ഒ ഡോ. കെ. ജെ റീന ജില്ലാ കളക്ടറെ അറിയിച്ചു. അടിയന്തര സാഹചര്യം വന്നാൽ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഐസൊലേഷൻ മുറികൾ സജ്ജമാക്കും. ഡി.പി.എം ഡോ. ടി.വി. സതീശൻ, ഡി.എസ്.ഒ ഡോ. അനൂപ്, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ബിനു, സർജറി വിഭാഗം ഡോ. രവീന്ദ്രനാഥ്, ഡെപ്യൂട്ടി ഡി.എം.ഒമാർ, വിദ്യാഭ്യാസ ഡയറക്ടർ ഗീത, ആരോഗ്യ വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് പി.കെ രാജു, മാസ് മീഡിയ ഓഫീസർ ഹരിതാദേവി എന്നിവർ പങ്കെടുത്തു.