v-m-sudheeran
കെ പി സി സി ജനറൽ സെക്രട്ടറിയായ ഒ അബ്ദുൾ റഹ്മാൻ കുട്ടിക്ക് ഗുരുവായൂരിൽ നൽകിയ സ്വീകരണ മുൻ കെ പി സി സി പ്രസിഡണ്ട് വി എം സുധീരൻ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ രാജ്യത്ത് കോടതികൾ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇന്നുള്ളതെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരൻ. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ ഒ. അബ്ദുൾ റഹിമാൻ കുട്ടിക്ക് ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി സർക്കാരിന്റെ കാട്ടാള നിയമത്തിനെതിരെ യഥാസമയത്ത് സുപ്രീംകോടതി പ്രതികരിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ ഒഴിവാക്കാമായിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പരാതികൾ കേൾക്കാൻ കോടതി സമയമെടുക്കുന്നു. യഥാസമയം നടപടിയെടുക്കാൻ കോടതികൾക്ക് സാധിച്ചിരുന്നെങ്കിൽ കലാപങ്ങൾ ഒഴിവാകുമായിരുന്നു. ഇന്നലെ മുതൽ സുപ്രീകോടതിക്ക് മാറ്റം വന്നുതുടങ്ങി. കലാപത്തിന് ആഹ്വാനം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ശിക്ഷാനടപടി സ്വീകരിക്കേണ്ടതിന് പകരം കേന്ദ്ര സർക്കാർ ഇവർക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കുകയാണ്. കേന്ദ്ര സർക്കാർ മതത്തിന്റെ പേരിൽ ആളുകളെ കൊലപ്പെടുത്തുന്നുവെങ്കിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയത്തിന്റെ പേരിലാണ് ആളുകളെ കൊല്ലുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പിണറായി വിജയനും ഒരേ പ്രവർത്തന രീതിയാണ്. രണ്ട് പേരും കൊലയാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സുധീരൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് അദ്ധ്യക്ഷനായി. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉപഹാര സമർപ്പണം നിർവഹിച്ചു. മുൻമന്ത്രി കെ.പി വിശ്വനാഥൻ, ടി.വി ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, പി.ടി അജയ്‌മോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, പി.കെ അബൂബക്കർ ഹാജി, സി.ഒ ജേക്കബ്, സി.എ ഗോപപ്രതാപൻ, സി. മുസ്താഖ് അലി തുടങ്ങിയവർ സംസാരിച്ചു.