കൊടുങ്ങല്ലൂർ: രണ്ടാനമ്മയുടെ ക്രൂര മർദ്ദനത്തിനിരയായ ആസാം ബാലികയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതപറമ്പിൽ താമസിക്കുന്ന ആസാം കുടുംബത്തിലെ നാലു വയസുകാരിയായ അരീനയെയാണ് കവിളിലും കൈകാലുകളിലും പുറത്തുമൊക്കെ അടിയേറ്റ് ചുവന്ന്, പൊളളിയ പാടുകളുമായി ആശുപത്രിയിലാക്കിയത്.

കോതപറമ്പിലെ അംഗനവാടിയിൽ വന്ന കുഞ്ഞിന്റെ കൈ ചുവന്നത് കണ്ട അദ്ധ്യാപിക കാര്യം തിരക്കിയപ്പോഴാണ് കുട്ടിയുടെ ഈ അവസ്ഥ കണ്ടത്. വീട്ടിലേക്ക് പോകാൻ വിമുഖത പ്രകടിപ്പിച്ചതോടെ അംഗൻവാടി അദ്ധ്യാപികയായ ടി.എസ് മിനി, ഐ.സി.ഡി.എസ് അധികൃതർ മുഖേന തൃശൂർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ ജീവനക്കാരും ആശ വർക്കർ എസ്.ജെ ബിന്ദുവും, അംഗനവാടി അദ്ധ്യാപികയും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ മതിലകം പൊലീസ് സ്ഥലത്തെത്തി, കേസെടുത്ത് കുട്ടിയുടെ രണ്ടാനമ്മയായ മസൂദ ഹാത്തൂണിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മർദ്ദനമേറ്റ കുഞ്ഞിനെയും, മസൂദ ഹാത്തൂണിന്റെ ഒമ്പത് മാസം പ്രയമായ കുഞ്ഞിനെയും തൃശൂർ ചൈൽഡ് ലൈനിന് കൈമാറി. ആശുപത്രിയിൽ വെച്ച് കൈക്കുഞ്ഞിനെയും യുവതി അടിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. ഇതോടെയാണ് കൈക്കുഞ്ഞിനെയും ചൈൽഡ് ലൈൻ അധികൃതരെ ഏൽപ്പിച്ചത്.