വാടാനപ്പിളളി: തൃത്തല്ലൂർ യു.പി സ്‌കൂളിലെ ആട് വളർത്തലിന് പത്താം തലമുറ പിറന്ന സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും.

സ്‌കൂളിലെ ഔഷധത്തോട്ടത്തിൽത്തന്നെ താമസിപ്പിച്ച് സ്‌കൂൾ ബാഗിൽ അവൾക്കായി കരുതി സ്‌നേഹത്തോടെ കൊണ്ടുവന്ന ഒരു പിടി പുല്ലും പത്ത് പ്ലാവിലയും നൽകി ഓമനിച്ച് വളർത്തി വലുതാക്കിയ മണിക്കുട്ടിയുടെ ഒമ്പതാം തലമുറയിൽപ്പെട്ട നന്നുവാണ് ഇന്നലെ പ്രസവിച്ചത് അങ്ങിനെ ആട് വളർത്തലിൽ പത്താം തലമുറയുടെ ഉദയം. നന്നുവിനെ സ്‌നേഹിച്ച് വളർത്തി വലുതാക്കിയത് തൃത്തല്ലൂർ ഏറച്ചം വീട്ടിൽ കബീർ ഷെജിന ദമ്പതികളുടെ മകനായ മുഹമ്മദ് സിനാനാണ്.

നാട്ടിക നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അന്നത്തെ എം.എൽ.എ ടി.എൻ പ്രതാപന്റെ നേതൃത്വത്തിൽ പഴയ സഹപാഠികളായ ഡോ: പി . ഡി സുരേഷും പദ്ധതി കോർഡിനേറ്ററുമായിരുന്ന കെ.എസ് ദീപനും ചേർന്ന് തയ്യാറാക്കിയ മാതൃകാ പ്രോജക്ടാണ് ജീവൻ ജീവന്റെ ജീവൻ പദ്ധതി . പിന്നീടത് മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുത്തു. ജീവൻ ജീവന്റെ ജീവൻ പദ്ധതി ഇപ്പോൾ പന്ത്രണ്ട് വർഷം പിന്നിട്ടു.
2008 ആഗസ്റ്റ് അഞ്ചിനാണ് അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വം സ്‌കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് പദ്ധതിയിലൂടെ തലമുറകളായി ഇതുവരെ 50 ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു. ഓരോ തലമുറയിലെയും ആട്ടിൻ കുട്ടികളെയും സ്‌കൂളിൽ തിരഞ്ഞെടുക്കുന്ന ഗോട്ട് ക്ലബ്ബ് അംഗങ്ങൾക്ക് വിതരണം ചെയ്യും. ആദ്യ പ്രസവത്തിലെ ആട്ടിൻ കുട്ടികളെ സ്‌കൂളിലേക്ക് നൽകണം. ഇവയെ ഗോട്ട് ക്ലബ്ബിലെ സഹപാഠികൾക്ക് നൽകും.

അങ്ങനെയാണ് ഇപ്പോൾ 50 ആടുകളായത്. പച്ചക്കറി വിറ്റ് കിട്ടിയ പണവും പോക്കറ്റ് മണിയും ഉപയോഗിച്ചാണ് 2008 ൽ കെ.ബി മിനി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ മണിക്കുട്ടി എന്ന ആട്ടിൻ കുട്ടിയെ സ്‌കൂളിലേക്ക് വാങ്ങിയത്. മണിക്കുട്ടിയെ പിന്നീട് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത കുട്ടിക്ക് വളർത്താൻ നൽകി. അവളുടെ തലമുറയാണിപ്പോൾ തക്കുടുവിൽ എത്തി നിൽക്കുന്നത്. നന്നുവിന്റെ മകൻ തക്കുടുവിനെ കാണാൻ ജീവൻ ജീവന്റെ ജീവൻ സ്ഥാപക കൺവീനർ കെ.എസ് ദീപൻ, എച്ച്.എം സി.പി ഷീജ, സ്‌കൂൾ ഗോട്ട് ക്ലബ് കൺവീനർ വി. ഉഷാ കമാരി, വി.പി ലത എന്നിവർ സിനാന്റെ വീട്ടിൽ സമ്മാനവുമായെത്തി.