പാവറട്ടി: 'കായകൽപ്പ്' അവാർഡിൽ തിളങ്ങി മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം. 2019ലെ കായകൽപ്പ് അവാർഡിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചത് മുല്ലശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നടത്തിയതായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചു.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം, ഭൗതിക സാഹചര്യം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്.

സംസ്ഥാന തല അവാർഡ് നിർണ്ണയത്തിൽ 70 ശതമാനം മാർക്കിനു മുകളിലുള്ള 10 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 83.2 ശതമാനം മാർക്ക് നേടിയാണ് മുല്ലശ്ശേരി സി.എച്ച്.സി അവാർഡിന് അർഹത നേടിയത്. ഒരു ലക്ഷം രൂപയുടെ കമൻഡേഷൻ അവാർഡാണ് ലഭിക്കുക. ബ്ലോക്ക് വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രൻ, ജനപ്രതിനിധികളായ ബി ആർ സന്തോഷ്, മേരി പ്രിൻസ്, ജിഷ പ്രമോദ്,
എം എം വാസന്തി, മുംതാസ് റസാക്ക്, അസ്മാപി നിസാർ, മേരി ജോയ് അറക്കൽ, മീനാ ഗിരീഷ്, കെ ആർ കൃഷ്ണകുമാർ,
ബി ഡി ഒ അബദുൾ സല്ലാം എന്നിവരും പ്രസിഡണ്ടിന്റെ ഒപ്പം ഉണ്ടായിരുന്നു.

അവാർഡിന് അർഹമാക്കിയത് ഈ നേട്ടങ്ങൾ

വനിതാ വാർഡ്, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് അനലൈസർ, ജനറേറ്റർ, ശിശു സൗഹൃദ വാർഡ്, ജല ശുദ്ധീകരണ സംവിധാനം, ഫാർമസിയുടെ ശീതീകരണം തുടങ്ങി ഭൗതിക സാഹചര്യങ്ങളിൽ ആധുനികവത്കരണം നടപ്പിലാക്കി. ഏഴ് ഡോക്ടർമാരും 11 നഴ്‌സുമാരുടെയും സേവനം ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാണ്. വൈകീട്ട് 6 വരെ ഒ.പി പ്രവർത്തിക്കും. നാഷണൽ ക്വാളിറ്റി അഷ്വറൻസ് അവാർഡിന്റെ ഭാഗമായുള്ള പരിശോധനകളും അവസാന ഘട്ടത്തിലാണ്. ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്‌സിന്റെ നിർമ്മാണ നടപടികൾ അടുത്തു തന്നെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.

ദേശീയ അവാർഡ് പരിഗണനയുടെ ഭാഗമായി ജില്ലാ തലത്തിൽ 83 ശതമാനവും സംസ്ഥാന തലത്തിൽ 82 ശതമാനവും മാർക്ക് നേടാനായി. ടി ബി നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന പ്രതിനിധികളുടെ പരിശോധനകളിലും സംതൃപ്തിയാണ് രേഖപെടുത്തിയത്. കൊറോണയേ തടയാൻ ആവശ്യമായ മുൻകരുതലുകളും എടുത്തു കഴിഞ്ഞിട്ടുണ്ട്.

- ഡോ.കെ .ടി. സുജ, സൂപ്രണ്ട്