തൃശൂർ: മെഡിക്കൽ കോളേജിന്റെ സുരക്ഷ മുൻ നിറുത്തി ഗേറ്റുകൾ അടച്ചു സംരക്ഷിക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ കെട്ടുന്നത് സംബംന്ധിച്ചു കളക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മെഡിക്കൽ കോളേജിന്റെ മതിലിനോട് ചേർന്നുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് ഇത് വഴി വാഹനങ്ങൾ നിയമം തെറ്റിച്ചു പോകുന്നതും നിരോധിക്കും. ചുറ്റുമതിൽ നിർമാണം നടക്കുന്നിടത്ത് അനധികൃതമായി കെട്ടിയുയർത്തിയ കടകളും, അനുബന്ധ നിർമാണങ്ങളും പൊളിച്ച് മാറ്റാൻ വേണ്ട നിയമ സഹായം നൽകാൻ ഗുരുവായൂർ എ.സി.പിക്ക് നിർദേശം നൽകി. ആവശ്യപ്പെടുന്നവർക്കെല്ലാം മെഡിക്കൽ കോളേജിലേക്ക് വഴി വിട്ടു നൽകാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.