vehicle-

തൃശൂർ: നാടകത്തിൽ അരങ്ങിലും അണിയറയിലുമായി പന്ത്രണ്ട് പേർ. മൊത്തം പ്രതിഫലം 26000 രൂപ. വേദികൾ കിട്ടുന്നതോ ഉത്സവസീസണുകളിൽ മാത്രവും. എങ്ങനെ ഒരു നാടകകലാകാരൻ ഇക്കാലത്ത് ജീവിക്കും? ആ ചോദ്യത്തിനു മുന്നിൽ നട്ടം തിരിയുന്ന,

വേദികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച നാടകകലാകാരൻമാരുടെ ആശയ്ക്കും അഭിനിവേശത്തിനുമാണ് കഴിഞ്ഞ ദിവസം മോട്ടോർവാഹനവകുപ്പ് പിഴയിട്ടത്. വാഹനത്തിൽ ബോർഡ് വെച്ചതിന്റെപേരിൽ ആലുവ അശ്വതി തിയേറ്റേഴ്സിന് പിഴയിട്ടതിനെക്കുറിച്ച് നാടകത്തിന്റെ നിർമ്മാതാവ് ഉണ്ണി ജയന്തൻ പറയുന്നു:

ആ കദനകഥയുടെ ഫ്ളാഷ്ബാക്ക്:

27 വർഷമായി ഞങ്ങൾ നാടകരംഗത്തുണ്ട്. ചെറായിയിലാണ് ആസ്ഥാനം. നിരവധി നാടകങ്ങൾ ഉത്സവപ്പറമ്പുകളിൽ കളിച്ചു. പക്ഷേ, നാടകം കൊണ്ട് കലാകാരൻമാർക്ക്, ജീവിതത്തിന്റെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതായപ്പോൾ നാടകസംഘങ്ങളെല്ലാം പ്രതിസന്ധിയിലായി. മുടക്കുമുതൽ കിട്ടാതായപ്പോൾ ഞങ്ങളും വേദിവിട്ടു. നാല് വർഷക്കാലം മുടങ്ങിക്കിടന്ന ശേഷം വീണ്ടും നാടകവേദിയിലെത്തി. ജനങ്ങൾ വീണ്ടും നാടകം കാണാൻ ഉത്സവപ്പറമ്പുകളിലേക്ക് വരുന്നത് കണ്ടപ്പോൾ സന്തോഷമായി. 'കുഞ്ഞേട്ടന്റെ കുഞ്ഞുലോകം' എന്ന നാടകം കഴിഞ്ഞ നാലുമാസത്തിനുളളിൽ 42 വേദികളാണ് പിന്നിട്ടത്. . കണ്ണൂരും കൊല്ലത്തുമെല്ലാം കളിച്ച് കൈയടി നേടി. പാലക്കാട്ടായിരുന്നു കൂടുതൽ വേദികൾ. രാത്രി പത്തുമണിക്കുളളിൽ നാടകം അവസാനിപ്പിക്കണമെന്നാണല്ലോ നിയമം. അതുകൊണ്ടു തന്നെ ഉത്സവത്തിന്റെ ബഹളത്തിനിടയിൽ തന്നെ ഞങ്ങൾ അവതരിപ്പിച്ച് വിജയിപ്പിച്ചു. ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് താമസം മാറ്റുന്ന ജൈവകർഷകന്റെ കുടുംബദുരന്തമാണ് നാടകത്തിന്റെ ഇതിവൃത്തം. മയക്കുമരുന്നിനും ആത്മഹത്യക്കുമെതിരേ താക്കീത് നൽകുന്ന നാടകമായതുകൊണ്ടു തന്നെ വലിയ സ്വീകാര്യതയുണ്ടായി.

പിഴയും പഴിയും
'കുഞ്ഞേട്ടന്റെ കുഞ്ഞുലോക' വുമായി കഴിഞ്ഞ ദിവസം ചാവക്കാട് കല്ലുങ്കൽ ഭഗവതി ക്ഷേത്രത്തിൽ നാടകം അവതരിപ്പിക്കാൻ പോയതായിരുന്നു ഞങ്ങൾ. ഏങ്ങണ്ടിയൂരിന് സമീപം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ കൈകാണിച്ചു. വാഹനത്തിന് മുകളിൽ ബോർഡ് വച്ചതായിരുന്നു അവർ ചൂണ്ടിക്കാട്ടിയ നിയമലംഘനം. ബോർഡിന്റെ വലിപ്പം അളന്ന് 24,000 രൂപ അടയ്ക്കണമെന്നാണ് ഉദ്യോഗസ്ഥ വാക്കാൽ പറഞ്ഞത്. നാലര അടി നീളവും ഒന്നര അടി ഉയരവുമുളള രണ്ട് ബോർഡുകളാണ് വാഹനത്തിൽ വെച്ചിരുന്നത്. ബോർഡിന്റെ വലിപ്പം 24000 സെന്റിമീറ്റർ സ്ക്വയർ ആണെന്ന് പറഞ്ഞുവെന്നാണ് അവർ ഇപ്പോൾ പറയുന്നത്. ബോർഡുകൾക്ക് ആ വലിപ്പമില്ല. കൃത്യനിർവഹണത്തിൽ അവർക്ക് പിഴവ് വന്നു. നാല് നടൻമാർ, രണ്ട് നടിമാർ, നാല് അണിയറപ്രവർത്തകർ, രണ്ട് ടെക്നീഷ്യൻമാർ, ഡ്രൈവർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

പിന്തിരിയില്ല

ഞങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. സംഭവിച്ച കാര്യങ്ങളെല്ലാം വിശദമാക്കി വീഡിയോ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. കാലഹരണപ്പെട്ട നിയമങ്ങളാണ് ഞങ്ങൾക്കെതിരേ പ്രയോഗിക്കുന്നത്. ഇതൊരു ഉത്പന്നം വിറ്റഴിക്കാൻ സ്ഥാപിച്ച പരസ്യബോർഡല്ല. ഞങ്ങളുടെ ഐഡറ്റിയാണത്. .....അത് ഞങ്ങൾ തന്നെയാണ്. കലാപ്രവർത്തനങ്ങളോട് ഇത്തരം സമീപനങ്ങൾ ഉദ്യോഗസ്ഥർ നടത്തുമ്പോൾ സർക്കാർ തങ്ങൾക്കൊപ്പം നിലകൊളളുമെന്നാണ് കരുതുന്നത്.

ഉദ്യോഗസ്ഥയുടെ വിശദീകരണം

''നാടകവണ്ടിക്ക് 24000 രൂപ പിഴ ഈടാക്കിയെന്ന ആരോപണം തീർത്തും തെറ്റാണ്. വാഹനത്തിന്റെ മുകളിൽ ബോർഡ് വെക്കുന്നതിനുള്ള ഫീസ് അടക്കാനാണ് ആവശ്യപ്പെട്ടത്. 24000 എന്നത് പിഴത്തുകയല്ല, ചതുരശ്ര സെൻറിമീറ്ററിലുള്ള ബോർഡിന്റെ. അളവാണ്. ഒരു രൂപ പോലും പിഴയായി വാങ്ങിയിട്ടില്ല. ബോർഡ് വെച്ച് ഓടിയിരുന്നത് കാരണം ചില വാഹനങ്ങൾ അടുത്തിടെ അപകടത്തിൽപ്പെട്ടിരുന്നു. താത്കാലികമായി ബോർഡ് കെട്ടിവെച്ചാണ് ചില വാഹനങ്ങൾ ഓടിയിരുന്നത്. അതിന്റെ കയർ അഴിഞ്ഞുവീണാണ് അപകടമുണ്ടായത്. അതിന്റെ അടിസ്ഥാനത്തിലാണ് നാടകവണ്ടി പരിശോധിച്ചത്. തുടർന്ന് ഇങ്ങനെ ബോർഡ് വെച്ച് ഓടുന്നത് ശരിയല്ലെന്ന് ഡ്രൈവറോട് പറഞ്ഞു.
ബോർഡ് വെക്കണമെങ്കിൽ നിയമപ്രകാരം ഫീസ് അടക്കണമെന്നും അതിനുശേഷം മാത്രമേ വാഹനങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കാനാകൂവെന്നും പറഞ്ഞു. താത്കാലികമായി ബോർഡ് വെക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും വ്യക്തമാക്കി. ഇതിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ കയർത്ത് സംസാരിച്ചത്. ഏത് വകുപ്പനുസരിച്ചാണ് ഈ കേസ് എന്ന് ചോദിച്ചു താൻ പറഞ്ഞ കാര്യങ്ങൾ എഴുതിനൽകണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ബോർഡിനെ സംബന്ധിച്ച കാര്യങ്ങൾ എഴുതി നൽകിയത്. കൃത്യമായി അളന്നുനോക്കിയിട്ട് മാത്രമേ ബോർഡിന്റെ വിശദാംശങ്ങൾ എഴുതിനൽകാനാവൂ. അതിനാലാണ് കൃത്യമായി ബോർഡിന്റെ അളവ് രേഖപ്പെടുത്തിയത്.
24000 സെന്റിമീറ്റർ സ്ക്വയർ എന്ന അളവ് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. 24000 എന്നത് പിഴത്തുകയല്ല. അത് ബോർഡിന്റെ ഏരിയയാണ്. പിഴത്തുക നോട്ടീസില്‍ എഴുതിയിട്ടില്ല. ഒരു സെന്റിമീറ്റർ സ്ക്വയറിന് 20 പൈസയാണ് ഫീസ് അടക്കേണ്ടത്. അങ്ങനെയാണെങ്കിൽ 4800 രൂപയേ വരികയുള്ളൂ. ഈ പണം ഒരു വർഷത്തേക്ക് ബോർഡ് വെക്കുന്നതിനുള്ള തുകയാണ്. അതും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കല്ല ഈ തുക നൽകേണ്ടത്. ആർ.ടി. ഓഫീസിൽ പണമടച്ചാണ് രസീത് കൈപ്പറ്റേണ്ടത്. ''

-ഷീബ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എ.എം.വി.), തൃപ്രയാർ

രാഷ്ട്രീയ സംഘടനകളിൽ നിന്ന് പിഴ ഈടാക്കുമോ?

''നാടകപ്രവർത്തകരോട് ഒരിക്കലും ഇങ്ങനെ ചെയ്യരുതായിരുന്നു. രാഷ്ട്രീയ സംഘടനകളും വൻകിട മുതലാളിമാരും ഇതുപോലെ എന്തെല്ലാം ചെയ്യുന്നുണ്ട്. അവരിൽ നിന്ന് പിഴ ഈടാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവുമോ? നാടകത്തിൽ നിന്ന് കിട്ടുന്ന വരുമാനം എത്രയോ തുച്ഛമാണ്. നാടകപ്രവർത്തകരെ ചൂഷണം ചെയ്യരുത്. പിച്ചച്ചട്ടിയിൽ നിന്ന് കൈയിട്ട് വാരാൻ ശ്രമിക്കരുത്.''

-ജയരാജ് വാരിയർ, ചലച്ചിത്രനടൻ, കാരിക്കേച്ചറിസ്റ്റ്

പിഴത്തുക തിരിച്ചു നൽകണം

'' നാടകപ്രവർത്തകർക്കൊപ്പം നിൽക്കുന്ന സർക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് കഴിഞ്ഞ ബഡ്ജറ്റ് പോലും വ്യക്തമാക്കിയിട്ടുണ്ട്. ആലുവ അശ്വതി തിയേറ്റേഴ്‌സിന്റെ മേൽ ചാർജ്ജ് ചെയ്ത കുറ്റം ഒഴിവാക്കി ഈടാക്കിയ പിഴത്തുക തിരിച്ചു നൽകണം. മോട്ടോർ വാഹന വകുപ്പിൻ്റെ...... നടപടിയിൽ ശക്തിയായി പ്രതിഷേധിക്കുന്നു. ഉദ്യോഗസ്ഥരുടെ നടപടി നിയമാനുസൃതമാണോ എന്ന് പരിശോധിക്കണം. നിയമാനുസൃതമാണെങ്കിൽ തന്നെ വകുപ്പ് മേധാവികളും സർക്കാരും ഇടപെട്ട് ചുമത്തിയ പിഴ ഒഴിവാക്കണം. നാടകസംഘങ്ങൾ പണം വാരിക്കൂട്ടുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നതല്ല. അവർ സർക്കാരിൻ്റെ...... ആദരവും സഹായവും പരിഗണനയും അർഹിക്കുന്നു. ''

-അശോകൻ ചരുവിൽ, ജനറൽ സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം

ഗുരുതരതെറ്റായി ചിത്രീകരിക്കരുത്

'' ഇൗ സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ടല്ലോ. സർക്കാർ തലത്തിലുളള അന്വേഷണം പൂർത്തിയായ ശേഷം അക്കാഡമിയുടെ നിലപാട് വ്യക്തമാക്കും. നാടകസംഘം ചെയ്തത് ഗുരുതരമായ തെറ്റായി ചിത്രീകരിക്കരുതായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. ''

-സേവ്യർ പുൽപ്പാട്ട്, കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ