രണ്ട് പനകൾ കടപുഴക്കി
തൃശൂർ: ഒളരി ഭഗവതി ക്ഷേത്രവളപ്പിൽ ഇടഞ്ഞോടിയ കൊമ്പൻ ജനങ്ങളെ രണ്ടു മണിക്കൂറോളം പരിഭ്രാന്തിയിലാക്കി. ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാൻ സാഹസികമായി ചാടി രക്ഷപ്പെട്ടു. ഒന്നാം പാപ്പാനെ തട്ടിയിട്ട് കുത്താൻ ശ്രമിച്ചെങ്കിലും ഉരുണ്ടുമാറി തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഒളരി ഭഗവതി ക്ഷേത്രത്തിലെ കാളിദാസനാണ് ഇന്നലെ രാവിലെ എട്ടിന് ഇടഞ്ഞത്. ക്ഷേത്രത്തിന് പുറത്തെ പറമ്പിൽ ഇടഞ്ഞോടിയ ആന പറമ്പിലെ രണ്ടു പനകൾ കുത്തി കടപുഴക്കി മറിച്ചിട്ടു. വിവരമറിഞ്ഞെത്തിയ എലിഫന്റ് സ്‌ക്വാഡും പൊലീസും പാപ്പാൻമാരും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറിനു ശേഷം, പത്തുമണിയോടെ കാളിദാസനെ വടമിട്ടു കുരുക്കി തളച്ചു. വടം കൊണ്ട് ബന്ധനസ്ഥനാക്കിയതോടെ ആന കൂടുതൽ അനുസരണക്കേട് കാണിച്ചുവെങ്കിലും പാപ്പാന്മാർ വൈകാതെ ചങ്ങലയിട്ട് ബന്ധിക്കുകയായിരുന്നു.
ആർക്കും പരിക്കില്ല. ആനയിടഞ്ഞതറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഒളരിയിലെത്തിയത്. ഗതാഗതം വഴിതിരിച്ചു വിട്ടിരുന്നു. വെസ്റ്റ് സി.ഐ സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
നീരിലായിരുന്ന ആനയെ രണ്ടു ദിവസം മുമ്പാണ് അഴിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി പുറത്തേക്ക് കൊണ്ടു വന്നിരുന്നില്ല. പുറത്തേക്ക് ഇറക്കുമ്പോഴായിരുന്നു ആന ഇടഞ്ഞോടിയത്.
ഇതേ സമയം ക്ഷേത്രത്തിനകത്ത് നിരവധി ഭക്തർ ദർശനത്തിനായെത്തിയിരുന്നു. ഇവർ പേടിച്ച് പുറത്തേക്കോടി രക്ഷപ്പെട്ടു. രണ്ടു മണിക്കൂറോളം ക്ഷേത്രത്തിന് മുന്നിലും പറമ്പിലുമായി ഇടഞ്ഞു നടന്ന ആന പറമ്പിന് പുറത്തേക്ക് ഇറങ്ങാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ക്ഷേത്രത്തിന് തൊട്ടടുത്താണ് ഇ.എസ്.ഐ ഹോസ്പിറ്റലും മദർ ഹോസ്പിറ്റലും. തിരക്കേറിയ ഒളരി ജംഗ്ഷനിലേക്കും അധികം ദൂരമില്ല.
പടിഞ്ഞാറെക്കോട്ട ഭാഗത്തേക്ക് വന്നിരുന്നുവെങ്കിലും സ്ഥിതി അപകടകരമാകുമായിരുന്നു. ആനയെ പുറത്തിറങ്ങാൻ അനുവദിക്കാതെ പറമ്പിലിട്ട് തന്നെ തളയ്ക്കാൻ പാപ്പാൻമാരും എലിഫന്റ് സ്‌ക്വാഡിലെ വിദഗ്ദ്ധരും കിണഞ്ഞു ശ്രമിച്ചത് ഫലം കണ്ടു. വടമിട്ട് ബന്ധിച്ചെങ്കിലും കാളിദാസൻ വടം പൊട്ടിക്കാൻ ഏറെ നേരം ശ്രമിച്ചത് വീണ്ടും പരിഭ്രാന്തി പരത്തി. ആനയെ തളച്ചിട്ടില്ലെന്ന പ്രചരണവും ആശങ്കയുണ്ടാക്കി. എലിഫന്റ് സ്‌ക്വാഡിന്റെ കാപ്ചർ ബെൽറ്റും മറ്റും ഉപയോഗിച്ചാണ് ആനയെ തളച്ചത്.