തൃശൂർ: ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്ര ഭരണാധികാരികൾ ചരക്കുവത്കരിക്കുകയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. പ്രഭാത് പട്‌നായിക് പറഞ്ഞു. അസോസിയേഷൻ ഒഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർത്ത് കേവലം വിൽപ്പന ചരക്ക് മാത്രമാക്കുകയാണ്. അതുവഴി വിമർശന ചിന്തയില്ലാത്ത തലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യുക്തിയില്ലായ്മയും കെട്ടുകഥയും പറഞ്ഞ് ചരിത്രത്തെ നിർവീര്യമാക്കുന്നു. ചരിത്രത്തിന്റെ സ്ഥാനത്ത് മിത്തുകളും ശാസ്ത്രത്തിന് പകരം അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നുവെന്നും പട്‌നായിക്ക് പറഞ്ഞു. എ.കെ.ജി.സി.ടി പ്രസിഡന്റ് ഡോ. കെ.കെ ദാമോദരൻ അദ്ധ്യക്ഷനായി.

സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ബാബു എം. പാലിശ്ശേരി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി ശശിധരൻ, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ ഹരികുമാർ, കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.ടി ബിന്ദു, എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കുശലകുമാരി, എഫ്.യു.ടി.എ ജനറൽസെക്രട്ടറി ഡോ. എ. പസ്‌ലിത്തിൽ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, കെ.പി.എസ്.സി.ഇ.യു സംസ്ഥാന ട്രഷറർ ടി.കെ വിജയൻ, കെ.ജി.എൻ.എ സംസ്ഥാന ട്രഷറർ എൻ.ബി സുധീർ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസസമ്മേളനം കണ്ണൂർ സർവകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ കമ്മിഷൻ വൈസ് ചെയർമാൻ രാജൻഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ് സംസാരിച്ചു. ഡോ. ബി. കേരളവർമ അദ്ധ്യക്ഷനായി. പൊതുസമ്മേളനം മന്ത്രി ഡോ. കെ. ടി ജലീൽ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ശനിയാഴ്ച തുടരും. 280 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.