പാലപ്പിള്ളി: തോട്ടം മേഖലയായ കാരിക്കുളം, കുണ്ടായി, എലിക്കോട് എന്നിവിടങ്ങളിൽ പശുക്കൾക്ക് പകർച്ചവ്യാധി. പശുക്കളുടെ ദേഹത്ത് വരുന്ന വൃണങ്ങൾ പൊട്ടിയൊലിക്കുന്ന സ്ഥിതിയാണ്. അസുഖമുള്ള ഒരു പശുവിനെ കാരിക്കുളം സെന്ററിൽ റോഡുവക്കിൽ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തി.
വനത്തോട് ചേർന്ന റമ്പർ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ വളർത്തുന്നതാണ് പശുക്കളെ. തൊഴിലാളികൾക്ക് താമസിക്കാനായി റമ്പർ എസ്റ്റേറ്റിനുള്ളിൽ തന്നെയാണ് പാഡികൾ (ക്വാർട്ടേഴ്‌സുകൾ) ഉള്ളത്. തൊഴിലാളികൾ വളർത്തുന്ന മൃഗങ്ങൾക്ക് തൊഴുത്തുകൾ ഒരിടത്തും ഇല്ല. അഴിച്ചുവിട്ട് വളർത്തുന്ന രീതിയാണ് തോട്ടം മേഖലയിൽ. മേഞ്ഞു നടക്കുന്ന പശുക്കൾ തോട്ടങ്ങളിലും തോട്ടങ്ങളോട് ചേർന്നുള്ള വനത്തിലും മേഞ്ഞ് നടക്കുകയാണ്. ചിമ്മിനി വന്യജീവി സങ്കേതത്തോടു ചേർന്നുള്ള വനപ്രദേശം ഉൾപടെ പകർച്ച വ്യാധികളുള്ള വളർത്തുമൃഗങ്ങളിൽ നിന്നും വന്യമൃഗങ്ങൾക്കും രോഗം പകരാനുള്ള സാദ്ധ്യത കൂടുതലാണ്. റോഡുവക്കിൽ ചത്തു കിടന്ന പശുവിനെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ കുഴിച്ച് മൂടി. പോസ്റ്റ്‌മോർട്ടം നടത്താതെ ചത്ത പശുവിനെ മറവ് ചെയ്തത് രോഗത്തെ കുറിച്ച് മനസിലാക്കുന്നതിന് തടസമായി.