ചാലക്കുടി: കലാഭവൻ മണിയുടെ നാലാം ചരമവാർഷികം വിവിധ ചടങ്ങുകളോടെ ആചരിച്ച് ചാലക്കുടി. രാവിലെ മണിക്കൂടാരത്തിലെ ശവക്കല്ലറയിൽ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പുഷ്പാർച്ചന നടത്തി. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എം. ശ്രീധരൻ, മണിയുടെ സഹോദരൻ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ തുടങ്ങിയവർ മണിയുടെ സ്മരണകൾ അയവിറക്കി. നൂറുകണക്കിന് ആരാധകരാണ് ചേനത്തുനാട്ടിലെ പാഡിയിലും മണി അന്ത്യവിശ്രമം കൊള്ളുന്ന മണിക്കൂടാരത്തിലും സ്മരാണാഞ്ജലി അർപ്പിക്കാനെത്തിയത്. പ്രാർത്ഥന, പ്രദക്ഷിണം എന്നിവയ്ക്ക് ശേഷമാണ് ആരാധാകർ മടങ്ങിയത്. കാസർഗോഡ് നിന്നും ഇരുപതോളം യുവാക്കളാണ് മണിസ്മരണ എന്നെഴുതിയ ബനിയനും ധരിച്ച് ബാഷ്പാജ്ഞലി അർപ്പിക്കാനെത്തിയത്. സിനിമാ താരം ഉഷയും പുഷ്പാർച്ചനക്കെത്തിയിരുന്നു. മണിയുടെ മരണത്തോടെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് പകരം വയ്ക്കാനാകാത്ത ഒരു കാലാകാരനെയാണെന്ന് ഉഷ പറഞ്ഞു. പുഴതീരത്തുള്ള മണിയുടെ വിശ്രമ കേന്ദ്രത്തിലും ആരാധകരെത്തിയിരുന്നു.