തൃശൂർ: ദിവാൻജിമൂല മേൽപ്പാലനിർമാണത്തിനു കോർപറേഷൻ വൈദ്യുതി വകുപ്പിൽ നിന്നു അനുമതി തേടാതെ തുക വിനിയോഗിച്ചെന്ന കാരണം പറഞ്ഞ് 6.33 കോടി രൂപയും പലിശയും മുൻമേയർ രാജൻ ജെ. പല്ലൻ, അന്നത്തെ സെക്രട്ടറി കെ.എം. ബഷീർ, അസി .സെക്രട്ടറി എന്നിവരിൽ നിന്നു ഈടാക്കണമെന്നു കൗൺസിൽ യോഗം. ഭരണപക്ഷത്തിന് ഉന്മേഷം പകർന്ന് രാജൻ പല്ലന് മുൻ പ്രതിപക്ഷ നേതാവിന്റെ കുത്ത്. പ്രതിപക്ഷ നേതൃത്വ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി ആ സ്ഥാനത്ത് വന്ന രാജൻ പല്ലനെ സ്വന്തം കക്ഷി നേതാവാണെന്ന പരിഗണന പോലും നൽകാതെ കൗൺസിൽ പരസ്യമായി വിമർശിക്കുകയായിരുന്നു. നാലേകാൽ വർഷം ഒരു നടപടിയുമെടുക്കാതിരുന്ന ശേഷം ഇപ്പോൾ ആക്ഷേപവുമായി വരുന്നതിന്റെ യുക്തിയെന്താണെന്ന് പ്രതിപക്ഷം ആരാഞ്ഞു.
ദിവാൻജി മൂല വികസനം എന്നാണ് ജനങ്ങൾക്ക് അവകാശപ്പെട്ടതാവുന്നതെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ ചോദിച്ചു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും തലോടിയുള്ള റിപ്പോർട്ട് തള്ളണമെന്നും ജോൺ ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ നേതാവായതു മുതൽ തന്നെ സി.പി.എം വേട്ടയാടുകയാണെന്ന് രാജൻ പല്ലൻ പരാതിപ്പെട്ടു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി ക്രമവൽക്കരിക്കണമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം കത്തു നൽകി. മൂന്നു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ മേയർ തീരുമാനം അറിയിക്കുകയായിരുന്നു. തുടർന്ന് മറ്റ് അജൻഡകളിൽ വിയോജിപ്പുണ്ടെങ്കിൽ എഴുതി അറിയിക്കാൻ ആവശ്യപ്പെട്ട് യോഗം പിരിച്ചുവിട്ടു. അതിനിടെ ചർച്ചയില്ലാതെ യൂണിറ്റിനു 10 പൈസ നിരക്കിൽ വൈദ്യുതി വർദ്ധിപ്പിക്കുന്ന അജൻഡയും പാസാക്കി. ഇതിൽ ചർച്ച വേണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം വിയോജനകുറിപ്പു നൽകി.

...............................

വിജിലൻസ് അന്വേഷണം നടത്തണം
അടുത്തകാലം വരെ വൈദ്യുതി വിഭാഗത്തിൽ ഫണ്ട് മിച്ചമുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് നഷ്ടത്തിലായതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കോർപറേഷന്റെ തനത് ഫണ്ടിൽ നിന്ന് തുക നൽകേണ്ട അവസ്ഥ വന്നത് വൈദ്യുതി വിഭാഗത്തിലെ ധൂർത്തും അഴിമിതിയും കാരണമാണെന്ന് എം.എസ്. സമ്പൂർണ്ണ പറഞ്ഞു.