elephant

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് നടന്ന ആനയോട്ടത്തിൽ എട്ടാം തവണയും ഗോപീകണ്ണൻ ജേതാവ്. ചെന്താമരാക്ഷൻ രണ്ടാമനായി ക്ഷേത്ര ഗോപുരത്തിൽ ഓടിയെത്തി. ക്ഷേത്രത്തിൽ നാഴിക മണി മൂന്നടിച്ചതോടെ ക്ഷേത്ര കൊടിമരച്ചുവട്ടിലെ കുടമണികൾ പാരമ്പര്യ അവകാശിയായ കണ്ടിയൂർപട്ടത്ത് നമ്പീശനെടുത്ത് മാതേമ്പാട്ട് നമ്പ്യാർക്ക് കൈമാറി. നമ്പ്യാർ മണികൾ പാപ്പാന്മാർക്ക് കൈമാറി. കുടമണികൾ ഏറ്റുവാങ്ങിയ പാപ്പാന്മാർ മഞ്ജുളാൽ പരിസരത്ത് ഓട്ടത്തിനായി കാത്തുനിൽക്കുന്ന ആനകളുടെ അടുത്തേക്ക് കുടമണികളുമായി ഓടി.

മഞ്ജുളാലിന് സമീപം കാത്തുനിന്ന ആനകളുടെ കഴുത്തിൽ പാപ്പാന്മാർ മണികൾ അണിയിച്ചു. ഗോപി കണ്ണൻ, നന്ദിനി, നന്ദൻ, ചെന്താമരാക്ഷൻ, കണ്ണൻ എന്നീ ആനകളെയാണ് മുൻനിരയിൽ ഓടുന്നതിനായി ഒരുക്കിനിറുത്തിയത്. മാരാർ ശംഖ്‌നാദം മുഴക്കിയതോടെ ആനയോട്ട മത്സരം ആരംഭിച്ചു. തുടക്കം മുതലേ ഗോപീകണ്ണനായിരുന്നു മുന്നിൽ. ഗോപുരകവാടം കടന്ന് ക്ഷേത്രമതിലകത്ത് പ്രവേശിച്ച ഗോപീകണ്ണൻ ക്ഷേത്രം ഏഴ് തവണ വലംവെച്ച് ഗുരുവായൂരപ്പനെ വണങ്ങി.

പാപ്പാന്മാരായ എം.പി. രാധാകൃഷ്ണൻ, കെ. ഹരിനാരായണൻ, കെ.എം. സുധീഷ് എന്നിവരാണ് ഗോപീകണ്ണനെ നിയന്ത്രിച്ചത്. രണ്ടാമതായി ചെന്താമരാക്ഷനും മൂന്നാമനായി കണ്ണനും ക്ഷേത്ര ഗോപുരത്തിലെത്തി. ജേതാവായ ഗോപീകണ്ണന് ഇനി പത്ത് നാൾ ക്ഷേത്രത്തിനകത്ത് പ്രത്യേക പരിചരണം ലഭിക്കും. ഒമ്പതാം ഉത്സവദിനമായ പള്ളിവേട്ട ദിനത്തിൽ വൈകിട്ട് നഗരപ്രദിക്ഷണത്തിനായി ഗുരുവായൂരപ്പൻ ക്ഷേത്രമതിലകം വിട്ട് പുറത്തേക്കിറങ്ങുമ്പോൾ മാത്രമേ ഗോപികണ്ണനെ ക്ഷേത്രത്തിന് പുറത്തിറക്കൂ. ആനയോട്ടത്തിന് ശേഷം ആനകൾക്ക് വിഭവസമൃദ്ധമായ ഊട്ടുമുണ്ടായി. ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ദേവസ്വം ഭരണ സമിതി അംഗങ്ങൾ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എസ്.ശശിധരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എ.സി.പി ബിജു ഭാസ്‌കറിന്റെയും ടെമ്പിൾ സി.ഐ പ്രേമാനന്ദകൃഷ്ണന്റെയും നേതൃത്വത്തിൽ പൊലീസ് വൻ സുരക്ഷാ സന്നാഹവും ഒരുക്കി.

ജേതാവായത്

2003, 2004, 2009, 2010, 2016, 2017, 2019 വർഷങ്ങളിൽ
അണിനിരത്തിയത് 23 ആനകളെ