തൃശൂർ: കേരളത്തെ വിദ്യാഭ്യാസ ഹബാക്കി മാറ്റുമെന്ന് മന്ത്രി കെ. ടി ജലീൽ പറഞ്ഞു. അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുരക്ഷിതമായി ഏത് പൗരനും ഇവിടെ പഠിക്കാം. വിദേശത്തുള്ളവർക്കും ഇതര സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠിക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജുകളിൽ പഠനസമയം മാറ്റുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. രാവിലെ എട്ടുമുതൽ പകൽ ഒന്നര വരെയാക്കാനാണ് ആലോചന. പഠനം കഴിഞ്ഞുള്ള സമയത്ത് കുട്ടികൾക്ക് പാർട് ടൈം ജോലിക്ക് അവസരം ലഭിക്കും. രാജ്യത്ത് പുതിയ പൗരത്വഭേദഗതിനിയമം കേന്ദ്രം അടിച്ചേൽപ്പിക്കുകയാണ്. ഇത് ചെറുക്കാനുള്ള പാഠം പകരാൻ അദ്ധ്യാപകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ. ദാമോദരൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. എൻ. മനോജ് സ്വാഗതവും ട്രഷറർ ഡോ. ഗീതാനമ്പ്യാർ നന്ദിയും പറഞ്ഞു.