കൊടുങ്ങല്ലൂർ: 7.14 കോടിയുടെ വികസന പദ്ധതികൾക്ക് മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 ലെ വികസന സെമിനാർ രൂപം നൽകി. ക്ഷീരമേഖല, വ്യവസായം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയാണ് വികസന പദ്ധതി തയ്യാറാക്കിയത്. വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി കണക്കിലെടുത്ത് ആരോഗ്യരംഗത്തും കൂടുതൽ വികസനത്തിന് പഞ്ചായത്ത് പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് പദ്ധതി അവതരിപ്പിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ വിജയൻ പറഞ്ഞു. 6.04കോടിയാണ് വികസന ഫണ്ടിൽ വകയിരുത്തിയത്. 59.89 ലക്ഷം രൂപ മെയിന്റൻസ് ഗ്രാന്റും 50 ലക്ഷം തനത് ഫണ്ടുമാണ് ഉൾപ്പെടുത്തിയത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.