ചാലക്കുടി: കലാഭവൻ മണിയുടെ സ്മരണ നിലനിർത്താൻ എത്രയും വേഗം അദ്ദേഹത്തിന്റെ സ്മാരകം ചാലക്കുടിയിൽ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ചാലക്കുടി നഗരസഭ, കലാഭവൻ മണി ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന കലാഭവൻ മണി അനുസ്മരണ സമ്മേളനവും സംസ്ഥാന നാടൻ പാട്ടു മത്സരവും ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി സർക്കാർ അമ്പതു ലക്ഷം രൂപയും ബി.ഡി ദേവസി എം.എൽ.എ 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാൽ പാഡിയിൽ ഇതിനായി സ്ഥലം നൽകാൻ വീട്ടുകാർ തയ്യാറാകാത്തതായിരുന്നു പ്രശ്‌നം. മറ്റു സ്ഥലങ്ങൾക്ക് സാങ്കേതിക തടസമുണ്ടായി. എന്നാൽ എന്തുവില കൊടുത്തും ഉടനെ സ്ഥലം ലഭ്യമാക്കുമെന്ന്് മന്ത്രി പറഞ്ഞു. ബി.ഡി ദേവസി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ഡോ. ആർ.എൽ.വി രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, ജില്ലാ പഞ്ചായത്തംഗങ്ങളായ സിനി ജോൺ, അഡ്വ. കെ.ആർ. സുമേഷ് തുടങ്ങിയവർ സംസാരിച്ചു. നാടൻ പാട്ടുകളുടെ സംസ്ഥാന തല മത്സരവും നടന്നു.