തൃപ്രയാർ: ജനചിത്ര ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആറാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തൃപ്രയാർ ശ്രീരാമ തിയേറ്ററിൽ ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംവിധായകൻ രാമു കാര്യാട്ടിനെ അനുസ്മരിച്ചു കൊണ്ട് എഴുത്തുകാരനും സിനിമാ നിരൂപകനുമായ ഷിജു ആർ സംസാരിച്ചു.
ആദ്യകാല സിനിമാ പ്രവർത്തകരെ മോശക്കാരായി ചിത്രീകരിച്ചിരുന്ന ഘട്ടത്തിൽ നിന്നും സാംസ്‌കാരിക മേഖലയിൽ ഏറ്റവും ഉയർന്ന നിലയിലുള്ള അംഗീകാരം കിട്ടുന്ന നിലയിലേക്ക് സിനിമാ മേഖല മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ.എസ് വിദ്യാധരൻ സംസാരിച്ചു. സിനിമാ സംവിധായകൻ മണിലാൽ നടനും നാടക പ്രവർത്തകനുമായ സുർജിത്തിന് നൽകി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.എസ് സുഷിൽ അദ്ധ്യക്ഷത വഹിച്ചു. എ.വി.പ്രദീപ് ലാൽ, കെ.വി കിഷോർ കുമാർ, ബകുൾ ഗീത് എന്നിവർ പ്രസംഗിച്ചു. ഇന്നും നാളെയുമായി അഞ്ച് സിനിമകൾ വീതം പ്രദർശിപ്പിക്കും. പ്രമുഖ മലയാള ചിത്രങ്ങളായ വെയിൽ മരങ്ങൾ, ബിരിയാണി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.