gramika
മോഹൻ രാഘവന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ഒമ്പതാമത് ചലച്ചിത്രോത്സവം കേരള ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമൽ ഉദ്‌ഘാടനം ചെയ്യുന്നു

മാള: മോഹൻ രാഘവന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ഒമ്പതാമത് ചലച്ചിത്രോത്സവത്തിന് തുടക്കമായി. തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ സഹകരണത്തോടെ അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററിലും കുഴിക്കാട്ടുശ്ശേരി ഗ്രാമികയിലുമായി നടത്തുന്ന അഞ്ച് ദിവസത്തെ മേള 11 നാണ് സമാപിക്കുന്നത്.

അഷ്ടമിച്ചിറ മഹാലക്ഷ്മിയിൽ രാവിലെ 10 നും 12.30 നുമായി രണ്ട് പ്രദർശനങ്ങളും ഗ്രാമികയിൽ വൈകീട്ട് 6.30ന് ഓരോ പ്രദർശനങ്ങളുമാണ് നടക്കുന്നത്. അഞ്ച് ലോക സിനിമകളും ആറ് ഇന്ത്യൻ ഭാഷാചിത്രങ്ങളും 4 മലയാള ചിത്രങ്ങളുമുൾപ്പെടെ ശ്രദ്ധേയമായ 15 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കേരള ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമൽ ഉദ്ഘാടനം ചെയ്തു. ഗ്രാമിക ഫിലിം സൊസൈറ്റി പ്രസിഡന്റ് തുമ്പൂർ ലോഹിദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

മോഹൻ രാഘവനെ അനുസ്മരിച്ച് ചലച്ചിത്ര-മാദ്ധ്യമ പ്രവർത്തക ആശ ജോസഫ് സംസാരിച്ചു. റിജോ, ആന്റണി ഈസ്റ്റ്മാൻ, രമേഷ് കരിന്തലക്കൂട്ടം, പി.ടി വിത്സൺ, ഡോ. വടക്കേടത്ത് പത്മനാഭൻ, ഫാ. ജോൺ കവലക്കാട്ട്, പി.കെ കിട്ടൻ തുടങ്ങിയവർ സംസാരിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ കേരള ഘടകത്തിൻ്റെയും സഹകരണത്തോടെ നടത്തുന്ന ചലച്ചിത്രോത്സവത്തിന്‌ വടമ കരിന്തലക്കൂട്ടം, അന്നമനട ഒഫ് സ്റ്റേജ് എന്നിവർ സഹ സംഘാടകരാണ്.