kadali
ഐശ്വര്യ ജെ.എൽ.ജി ഗ്രൂപ്പിന്റെ കദളി വാഴക്കൃഷി വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ ഉദ്ഘാടനം ചെയ്യുന്നു

എരുമപ്പെട്ടി: കദളി വാഴക്കൃഷിയിൽ വിജയം നേടി എരുമപ്പെട്ടി കരിയന്നൂരിലെ വനിതാ കൂട്ടായ്മ. പതിനെട്ടാം വാർഡിലെ ഐശ്വര്യ ജെ.എൽ.ജി ഗ്രൂപ്പാണ് കദളി വാഴക്കൃഷി ഇറക്കി ശ്രദ്ധേയരായത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ആദ്യത്തെ കദളിവാഴ കൃഷിയാണ് എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂരിൽ ചെയ്തിട്ടുള്ളത്.

ഒരു ഏക്കർ സ്ഥലത്ത് അഞ്ഞൂറിലധികം കദളി വാഴക്കുലകളാണ് ഇവർ വിളയിച്ചത്. ഐശ്വര്യ ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളായ ടി.കെ. ഷീന, ഷീജ ചന്ദ്രൻ, സരസ്വതി സദാനന്ദൻ, പുഷ്പ വിജയൻ, വത്സല ആശോകൻ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ജൈവ രീതിയിൽ കൃഷിചെയ്ത കദളിക്കുലകൾ ഗുരുവായൂർ ക്ഷേത്രത്തിലെ ആവശ്യത്തിനായി ദേവസ്വത്തിനാണ് വിൽപ്പന നടത്തുക.

വിളവെടുപ്പുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ അദ്ധ്യക്ഷനായി. കുടുംബശ്രീ ചെയർപേഴ്സൺ ഷീജ സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജർ ദീപ, ബ്ലോക്ക് കോഡിനേറ്റർ ഗ്രീഷ്മ, സി.ഡി.എസ് മെമ്പർ ഷീബ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. വാഴക്കൃഷിക്ക് പുറമെ 13 ഏക്കർ സ്ഥലത്ത് നെൽക്കൃഷിയും, കൊള്ളി, മുളക്, പച്ചക്കറി കൃഷിയും ഐശ്വര്യ ജെ.എൽ.ജി ഗ്രൂപ്പ് ചെയ്യുന്നുണ്ട്.