തൃശൂർ : അദ്ധ്യാപക ജീവിതത്തിന്റെ തിരക്കിനിടയിലും കഥയെയും കവിതയെയും ഒപ്പം ചേർത്തും കലയെ സ്‌നേഹിച്ചും ഡോ. സന്ധ്യ വേറിട്ട കാഴ്ചയാകുന്നു. പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിറ്റിക്‌സ് അദ്ധ്യാപികയായ ഡോ. സന്ധ്യ അദ്ധ്യാപക ജീവിതത്തിനിടയിലാണ് നിത്യ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, ആവലാതികൾ, പ്രായത്തിന്റെ ആശങ്കകൾ, പ്രണയം, പ്രതീക്ഷകൾ തുടങ്ങിയവ കുറിച്ചുവയ്ക്കുന്നത്.
ഈ കവിതകളും കഥകളും വായനക്കാർ സ്വീകരിച്ചു കഴിഞ്ഞു. ഇതിനോടകം മൂന്നു വീതം കവിതാ- കഥാ സമാഹാരങ്ങൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അമ്മയുള്ളതിനാൽ ആണ് അവസാനം പുറത്തിറങ്ങിയത്. പേരില്ലാ വണ്ടി, സാഗര നിദ്ര എന്നീ കവിതാ സമാഹാരങ്ങൾക്ക് പുറമേ പടികൾ കയറുന്ന പെൺകുട്ടി, 4 ഡി, അനന്തരം ചാരുലത എന്നിവയാണ് കഥാ സമാഹാരങ്ങൾ.
54 കവിതകൾ ചേർന്നതാണ് അമ്മയുള്ളതിനാൽ എന്ന കവിതാ സമാഹാരം. മാർച്ച് 31 ന് അദ്ധ്യാപക ജീവിതത്തിൽ നിന്ന് വിരമിക്കും. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ശേഷമാണ് മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചത്. കലാമണ്ഡലം ശോഭയിൽ നിന്ന് നൃത്തത്തിൽ നിന്ന് ആദ്യ ചുവടുകൾ പഠിച്ച അവർ പെരിങ്ങാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന അഷ്ടപൗർണമി കൈക്കൊട്ടിക്കളി സംഘത്തിലെ അംഗം കൂടിയാണ്. നിരവധി വേദികളിൽ ഇതിനോടകം മോഹിനിയാട്ടം അവതരിപ്പിച്ച ഇവരെ തേടി അയ്യപ്പൻ ട്രസ്റ്റിന്റെ ഞെരളത്ത് രുഗ്മിണിയമ്മ പുരസ്‌കാരം ഉൾപ്പെടെ ബഹുമതികളുമെത്തി. സ്റ്റാറ്റിസ്റ്റിക്‌സിൽ ഡോക്ടറേറ്റ് നേടിയ സന്ധ്യക്ക് മികച്ച അദ്ധ്യപികയ്ക്കുള്ള ക്രൈസ്റ്റ് കോളേജിന്റെ ഫാ. ജോസ് തെക്കൻ സ്മാരക പുരസ്‌കാരം ഈ മാസം സമ്മാനിക്കും. വിദ്യാ എൻജിനീയറിംഗ് കോളേജിലെ അദ്ധ്യാപകനായ ഡോ. സതീഷാണ് ഭർത്താവ്. അരവിന്ദ്, പ്രഹ്‌ളാദ് എന്നിവരാണ് മക്കൾ. അയ്യന്തോൾ ചുങ്കത്താണ് താമസം.