തൃശൂർ: കോടികൾ വില വരുന്ന ഒരു ലിറ്റർ ഹാഷിഷ് ഓയിലും എട്ട് കിലോയോളം കഞ്ചാവും വിവിധയിടങ്ങളിൽ നിന്നായി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുളങ്കുന്നത്ത്കാവ് സ്വദേശി വരടാട്ടുവളപ്പിൽ വീട്ടിൽ സഞ്ജുണ്ണി എന്ന സഞ്ജു (26), പൂങ്കുന്നം സ്വദേശി കോട്ടാരപാട്ടിൽ വീട്ടിൽ അപ്പു എന്ന ഗോകുൽ (26), ഒല്ലൂർ പി.ആർ പടി സ്വദേശി ഡിക്രൂസ് വീട്ടിൽ ബിജോസ്റ്റ്യൻ (26) എന്നിവർ തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായി.
തൃശൂർ പൂങ്കുന്നത്തിനടുത്തുള്ള മൊബൈൽ കട കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പന നടക്കുന്നുണ്ടെന്ന സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യക്ക് ലഭിച്ച ഫോൺ കാളാണ് ലഹരിവേട്ടയിലേക്ക് നയിച്ചത്. കമ്മിഷണർ ഈ വിവരം ഷാഡോ പൊലീസിന് കൈമാറി.
ക്രിമിനൽ - മയക്കുമരുന്ന് കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളാണ് മൊബൈൽ കട നടത്തുന്നതെന്ന വിവരം സ്ഥിരീകരിച്ചു. ഇവർ അന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്ക് മരുന്ന് കടത്തിക്കൊണ്ടുവന്ന് മൊത്ത വിതരണം നടത്തുന്നതായും മനസിലായി. സംഘത്തിലെ ഗോകുലിനെ ആദ്യം കസ്റ്റഡിയിലെടുത്തു. കടത്തിക്കൊണ്ടു വന്ന ഹാഷിഷ് ഓയിലും കഞ്ചാവും ഗോകുൽ പൂങ്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും പരിസരത്തുമായി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ലിറ്റർ ഹാഷിഷ് ഓയിലും 6.780 കിലോ കഞ്ചാവും പിടിച്ചെടുത്തു. തുടർന്ന് മറ്റ് രണ്ട് പ്രതികളും പൊലീസിന്റെ വലയിലായി. കാറിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ചാണ് ബംഗ്ലൂരിൽ നിന്നും മയക്ക് മരുന്ന് തൃശൂരിലെത്തിച്ചിരുന്നത്. കാർ ഇവരുടെ സഹായി കുരിയച്ചിറ യൂണിറ്റ് നഗറിലെ ചിറമ്മേൽ വീട്ടിൽ ജെസ് വിൻ (26) എന്നയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. കാറിൽ രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 1.350 കിലോ കഞ്ചാവും കൂടി കണ്ടെടുത്തു. ജെസ്‌വിനും കേസിൽ പ്രതിയാകും. മാസങ്ങൾ നീണ്ട തയ്യാറെടുപ്പും രഹസ്യമായ നിരീക്ഷണവുമാണ് അറസ്റ്റിലേക്ക് നയിച്ചത്.
മൂന്ന് പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലം
കേരളത്തിൽ പല ഭാഗത്തുമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളാണ് യുവാക്കൾ. കഞ്ചാവും തോക്കും മാരകായുധങ്ങളുമായി മുമ്പ് പാലക്കാട് അറസ്റ്റിലായ സഞ്ജു ജാമ്യത്തിലിറങ്ങിയതായിരുന്നു. നെടുപുഴ, വിയ്യൂർ, പേരാമംഗലം, തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും സഞ്ജുവിന്റെ പേരിൽ കേസുകളുണ്ട്. ആലപ്പുഴ ജില്ലയിൽ പതിമൂന്ന് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഗോകുൽ. തൃശൂർ കുരിയച്ചിറയിൽ വയോധികയെ വീട്ടിനുള്ളിൽ ഒളിച്ചിരുന്ന് ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതിയാണ് ബിജോസ്റ്റ്യൻ. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ എ.എസ്.പി അജിത് കുമാർ, എ.സി.പി വി.കെ രാജു, സി.ഐ സലീഷ് എൻ. ശങ്കർ, എസ്.ഐമാരായ കെ.സി ബൈജു, ജോൺസൺ സി.വി, ഒല്ലൂർ സി.ഐ ബെന്നി ജേക്കബ്, ഒല്ലൂർ എസ്.ഐ സിനോജ് ടി.എസ്, ഷാഡോ പൊലീസിലെ ടി.ആർ ഗ്ലാഡ്‌സൺ, എൻ.ജി സുവ്രത കുമാർ, പി.എം റാഫി, ഗോപാലകൃഷ്ണൻ, പി. രാഗേഷ്, ജീവൻ ടി.വി, പഴനിസ്വാമി പി.കെ, ലിഗേഷ് എം.എസ് , വിപിൻദാസ് കെ.ബി, സന്തോഷ് കെ.കെ, സിന്ധു എന്നിവരുൾപ്പെടുന്ന സംഘമാണ് മയക്ക് മരുന്ന് സംഘത്തെ പിടികൂടിയത്.