ചാവക്കാട്: നഗരസഭയുടെ 2020- 21 വാർഷിക പദ്ധതി രൂപീകരിക്കുന്നതിനായി ചാവക്കാട് നഗരസഭാ വികസന സെമിനാർ നടന്നു. 2020- 21 വാർഷിക പദ്ധതി പ്രകാരം 36 കോടി രൂപയുടെ പദ്ധതികളാണ് രൂപീകരിച്ചത്. പാർപ്പിടത്തിന് 10 കോടി, പൊതുമരാമത്ത് പ്രവൃത്തികൾക്ക് 5 കോടി, കാർഷിക മേഖല 2 കോടി, കുട്ടികൾ, വൃദ്ധർ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമങ്ങൾക്ക് രണ്ടുകോടി, വിദ്യാഭ്യാസ മേഖലയ്ക്ക് 4 കോടി, ശുചിത്വം, മാലിന്യ സംസ്‌കരണം 2 കോടി രൂപ, ഹരിത വികസനം രണ്ട് കോടി, ആരോഗ്യമേഖല അഞ്ച് കോടി രൂപ, കുടിവെള്ളം ഒരു കോടി രൂപ, മത്സ്യമേഖലയ്ക്ക് ഒരു കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്.
ടൗൺ ഓഡിറ്റോറിയം നിർമ്മാണം, സ്ത്രീകൾക്ക് ഹെൽത്ത് ക്ലബ്, ദുരിതർക്ക് വേണ്ടി ഫ്‌ളാറ്റ് നിർമ്മാണം, സൗജന്യ നിരക്കിൽ ഉച്ചഭക്ഷണത്തിനായി സുഭിക്ഷ പദ്ധതി, ബ്ലാങ്ങാട് ജി.എഫ്.യു.പി സ്‌കൂൾ, തിരുവത്ര പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്‌കൂൾ എന്നീ വിദ്യാലയങ്ങൾക്ക് 1 കോടി രൂപ ചെലവിൽ കെട്ടിടനിർമ്മാണം എന്നിങ്ങനെയാണ് പ്രധാന പ്രവർത്തനങ്ങൾ.
കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എച്ച്. സലാം കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.സി. ആനന്ദൻ, എം.ബി. രാജലക്ഷ്മി, സബൂറ, എ.എ. മഹേന്ദ്രൻ, കൗൺസിലർ ടി.എ. ഹാരിസ്, നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ഗീതാകുമാരി എന്നിവർ സംസാരിച്ചു.