തൃശൂർ : അപകട മണി മുഴക്കി സ്വരാജ് റൗണ്ടിലൂടെ പായുന്ന സ്വകാര്യ ബസുകൾ മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. നഗരത്തിലെത്തുന്ന സ്വകാര്യ ബസുകൾ ഇടതുവശം ചേർന്ന് പോകണമെന്ന നിർദ്ദേശം അവഗണിച്ചാണ് പായുന്നത്. പലരും നിയന്ത്രിത സ്പീഡും മറികടന്ന് മത്സരയോട്ടമാണ് നടത്തുന്നത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ മരണ വെപ്രാളത്തിൽ മറ്റ് വാഹനങ്ങൾ മാറിക്കൊടുക്കേണ്ട അവസ്ഥയാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവരാണ് ഇവരുടെ ഇടയിൽ അധികവും പെടുന്നത്. ഓട്ടോ, സ്വകാര്യ കാറുകൾ എന്നിവയ്ക്കും ഏറെ ഭീഷണി ഉയർത്തുന്നതായി പരാതിയുണ്ട്. ആറുന്നൂറോളം സ്വകാര്യ ബസുകളാണ് നഗരത്തിലൂടെ കടന്നുപോകുന്നത്.

നിറുത്താതെയുള്ള ഹോണടി വിനോദം

മറ്റ് വാഹനങ്ങളുടെ പിന്നിലെത്തി നിറുത്താതെയുള്ള ഹോൺ മുഴക്കുന്നത് സ്വകാര്യ ബസ് ഡ്രൈവർമാരുടെ വിനോദമാണ്. ഇത് പലപ്പോഴും ഇരുചക്ര വാഹനയാത്രികരെയും മറ്റും പലതവണ അപകടത്തിലാക്കിയിട്ടുണ്ട്. ബസുകളിൽ എയർ ഹോൺ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ടെങ്കിലും പല ബസുകളും ഇത് ഉപയോഗിച്ചാണ് ഓടുന്നത്.

അമിത വേഗം

നായ്ക്കനാലിലെ സിഗ്‌നലിൽപെടുന്ന ബസുകൾ നഷ്ടമാകുന്ന ഒരു മിനിറ്റ് തിരിച്ച് പിടിക്കാനാണ് മരണപ്പാച്ചിൽ നടത്തുന്നത്. ഇത് പലപ്പോഴും ബിനി സ്‌റ്റോപ്പ്, തെക്കേ ഗോപുര നട എന്നീ ഭാഗങ്ങളിൽ വൻ കുരുക്കിനും വഴിവെയ്ക്കുന്നു. റൗണ്ട് മുഴുവൻ പരന്ന് ഓടുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിലേക്ക് തിരിയുമ്പോൾ രൂക്ഷമായ കുരുക്കാണ് സൃഷ്ടിക്കുന്നത്.

ഡോർ അടയ്ക്കൽ നിന്നു

അപകടമരണങ്ങളും ബസിൽ നിന്ന് വിദ്യാർത്ഥികളടക്കമുള്ളവർ തെറിച്ച് വീഴുന്നതും പതിവായതോടെ ഡോർ അടയ്ക്കാതെ സർവ്വീസ് നടത്താൻ പാടില്ലെന്ന് ഉത്തരവ് ഉണ്ടെങ്കിലും ഭൂരിഭാഗം ബസുകളും വാതിൽ അടയ്ക്കാതെയാണ് സർവീസ് നടത്തുന്നത്. പല ബസുകളിലും ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ശക്തമായ നടപടി സ്വീകരിക്കും

എയർ ഹോൺ ഉപയോഗം, വാതിൽ അടയ്ക്കാതെ സർവീസ് നടത്തുക, ടിക്കറ്റ് നൽകാതിരിക്കുക എന്നിവ വീണ്ടും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിൽ ശക്തമായ നടപടി സ്വീകരിച്ച് വരികയാണ് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം നാലു പേരെ പിടികൂടി പിഴ ചുമത്തിയിരുന്നു. ബസുകൾ മത്സരയോട്ടം നടത്തിയാൽ കർശന നടപടി സ്വീകരിക്കും

(ഷാജി മാധവ്, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ)