award
മുഖ്യമന്ത്രിയിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

മാള: സംസ്ഥാനത്തെ മികച്ച ക്ഷീര കർഷക പാർലമെന്റേറിയൻ പുരസ്‌കാരം നേടിയ മാള അണ്ണല്ലൂർ സ്വദേശിനി സി.കെ രാജലക്ഷ്മി ഗവ്യ ഉത്പന്നങ്ങളിലൂടെ നേടുന്നത് വർഷം ഒന്നരലക്ഷത്തോളം രൂപ വരുമാനം. ഒരു കിലോ ചാണകത്തിന് 20 രൂപ ലഭിക്കുന്ന സ്ഥാനത്ത് എട്ട് വറളി നിർമ്മിക്കുമ്പോൾ വരുമാനം 80 രൂപയാകും. ഇത്തരം വൈവിദ്ധ്യ ഉത്പന്നങ്ങളാണ് വരുമാനം നൽകുകയെന്ന് രാജലക്ഷ്മി പറയുന്നു. വറളി, സ്ലറി, കൊതുക് നശീകരണത്തിനുള്ള വസ്തു, ചാണകപ്പൊടി, ഭസ്മം, പഞ്ചഗവ്യം തുടങ്ങിയവയാണ് ചാണകത്തിൽ നിന്നും നിർമ്മിക്കുക. ബയോഗ്യാസ്, ഗോമൂത്രം എന്നിവയും അനുബന്ധമായി ലഭിക്കും. പാലിൽ നിന്ന് ഖോവ, പനീർ, തൈര്, പേട, പാലട പായസം. തൈരിൽ നിന്ന് ശ്രീകണ്ഠ, വെണ്ണ, നെയ്യ്, മോര്, സംഭാരം എന്നിവ നിർമ്മിക്കും.

സംസ്ഥാന ക്ഷീരോത്സവത്തോടനുബന്ധിച്ച് നടന്ന ക്ഷീര കർഷക പാർലമെന്റിൽ ഫാം ലൈസൻസിന് ഏകജാലക സംവിധാനം ഏർപ്പെടുത്തുകയെന്ന വിഷയം അവതരിപ്പിച്ചാണ് ഇവർ പുരസ്‌കാരം നേടിയത്. ലൈസൻസ് നടപടികൾ കർശനമാക്കുമ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ലൈസൻസ് നേടുകയെന്നത് പ്രയാസകരമാണെന്ന് ബോദ്ധ്യപ്പെടുത്തി. മാള ബ്ലോക്കിലെ അണ്ണല്ലൂർ ആനപ്പാറ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പത്ത് വർഷമായി പ്രസിഡന്റാണ്. വിവിധ സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്ന അദ്ധ്യാപിക കൂടിയാണ് രാജലക്ഷ്മി. ഇന്തോ പാക് യുദ്ധത്തിൽ പങ്കെടുത്തതിന് ധീരതാ പുരസ്‌കാരം ലഭിച്ച ഭർത്താവ് ആർ.ഐ സുബ്രഹ്മണ്യൻ മിലിട്ടറിയിൽ കേണൽ ആയിരുന്നു. ജോലി ആവശ്യാർത്ഥം ഭർത്താവിനൊപ്പമുള്ള യാത്രകളും 1976 മുതൽ അദ്ധ്യാപികയായി 23 വർഷം ജോലി ചെയ്തതുമെല്ലാം ഭാഷാ പഠനത്തിന് സഹായിച്ചു.

വീടിനോട് ചേർന്ന് ഏഴ് പശുക്കളുള്ള ഫാം ലൈസൻസോടെ നടത്തുന്നു. രണ്ടര ഏക്കറോളം സ്ഥലത്ത് പുൽക്കൃഷിയും ചെയ്യുന്നു. വീട്ടിലെയും ഫാമിലെയും വൈദ്യുതി ഉപയോഗം സോളാർ സംവിധാനത്തിൽ നിന്നാണ്. ബയോ ഗ്യാസും പ്രയോജനപ്പെടുത്തുന്നു. 1998ൽ ഭർത്താവ് വിരമിച്ച ശേഷം നാട്ടിലെത്തിയപ്പോഴാണ് ഇരുവരും ചേർന്ന് എരുമയെ വളർത്താൻ തീരുമാനിച്ചത്. എരുമയടക്കം ഏഴ് പശുക്കളും മൂന്ന് കുട്ടികളും ഇപ്പോൾ ഫാമിലുണ്ട്. പാരമ്പര്യമായി പശുവളർത്തലുണ്ടായിരുന്ന കുടുംബമായിരുന്നു ഇരുവരുടേതും. 1999 മുതൽ സ്ഥിരമായി സംഘത്തിൽ പാൽ നൽകുന്ന ഇവർ ഇപ്പോൾ ശരാശരി ദിനവും 35 ലിറ്റർ അളക്കുന്നു. ഫാമിലെ കറവയും ചാണകം വാരുന്നതും വൃത്തിയാക്കലും പുല്ല് നടുന്നതും വെട്ടുന്നതും അടക്കം എല്ലാ പണികളും ഇരുവരും ചേർന്നാണ് ചെയ്യുന്നത്. ഇവരുടെ രണ്ട് മക്കളും ആർമിയിൽ ഉദ്യോഗസ്ഥരാണ്.