കൊടുങ്ങല്ലൂർ: ലോട്ടറി ടിക്കറ്റുകൾക്ക് ചാർജ്ജ് വർദ്ധിപ്പിച്ചത് വിൽപ്പനയെ സാരമായി ബാധിച്ചതായും വിൽപ്പന കുത്തനെ ഇടിഞ്ഞ് ഉപജീവനം പ്രതിസന്ധിയിലായെന്നും ലോട്ടറി തൊഴിലാളികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് ഒന്ന് മുതലാണ് ലോട്ടറി ടിക്കറ്റുകൾക്ക് ചാർജ്ജ് വർദ്ധിപ്പിച്ചത്. കേന്ദ്ര സർക്കാർ ലോട്ടറി ടിക്കറ്റുകൾക്ക് 28 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതാണ് വില വർദ്ധനവിന് കാരണമായത്. 30 രൂപയുണ്ടായിരുന്ന ടിക്കറ്റ് 40 രൂപയാക്കിയതോടെ ലാഭമില്ലാതെയാണ് തൊഴിലാളികൾ ടിക്കറ്റ് വിൽപന നടത്തുന്നതെന്ന് ഇവർ പറഞ്ഞു. മുപ്പത് രൂപയുടെ ടിക്കറ്റ് വിറ്റാൽ ലഭിച്ചിരുന്നത് അഞ്ച് രൂപയായിരുന്നു.എന്നാൽ ഇപ്പോൾ അറ് രൂപ ലഭിക്കുന്നുണ്ടെങ്കിലും ടിക്കറ്റുകൾ പകുതി പോലും വിൽക്കാനാകുന്നില്ല. രണ്ട് ടിക്കറ്റ് എടുക്കുന്നവർക്ക് എഴുപത് രൂപയ്ക്കാണ് ഇപ്പോൾ ടിക്കറ്റ് നൽകി വിറ്റ് തീർക്കുന്നതെന്നു് തൊഴിലാളികൾ പറയുന്നു.അങ്ങനെ വിൽക്കുമ്പോൾ രണ്ട് ടിക്കറ്റിന് രണ്ട് രൂപ മാത്രമാണ് ലഭിക്കുക. പന്ത്രണ്ട് മണി മുതൽ മൂന്നു മണി വരെ വെയിലേൽക്കരുതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും തങ്ങൾക്ക് കച്ചവടം നടക്കുന്നതും ഈ സമയങ്ങളിലാണ്. നടപടി സ്വീകരിച്ചില്ലെങ്കിൽ വിൽപന നിർത്തിവെച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ഇവർ പറഞ്ഞു. സമ്മേളനത്തിൽ ഡി.കെ ഉണ്ണികൃഷ്ണൻ, ടി.ബി ഹരിദാസൻ, സി.ജി വിനോദ്, എം.കെ സുനിൽ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.