ഗുരുവായൂർ: ദേവഗണങ്ങൾക്കും ഭക്തർക്കും ദർശനം നൽകി ഗുരുവായൂരപ്പൻ സ്വർണ്ണ പഴുക്കാമണ്ഡപത്തിലെഴുന്നള്ളി. ഉത്സവം രണ്ടാം ദിനം മുതലാണ് സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിക്കുക. രാവിലെ ശ്രീഭൂതബലിക്ക് നാലമ്പലത്തിനകത്ത് സപ്തമാതൃക്കൾക്ക് ബലിതൂവുന്ന സമയത്ത് ഭഗവാൻ സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ ഉപവിഷ്ടനായി തന്നെ വണങ്ങാനെത്തുന്ന ദേവഗണങ്ങൾക്ക് ദർശനം നൽകുന്നു. പൂർണ്ണമായും സ്വർണ്ണത്താൽ നിർമ്മിച്ച പഴുക്കാമണ്ഡപത്തിൽ വീരാളിപ്പട്ട് വിരിച്ച് ആലവട്ടം, വെഞ്ചാമരം എന്നിവ കൊണ്ട് അലങ്കരിച്ച് അതിൽ രാജകീയ പ്രൗഢിയിലാണ് ഭഗവാനെ എഴുന്നള്ളിച്ചിരുത്തിയത്.

ശ്രീശങ്കരാചാര്യർ സാഷ്ടാംഗം ഭഗവാനെ പ്രണമിച്ച പുണ്യസ്ഥാനത്താണ് രാത്രിയിൽ എഴുന്നള്ളിച്ച് വയ്ക്കുന്നത്. ചുറ്റും കർപ്പൂര ദീപം തെളിച്ച് അഷ്ടഗന്ധത്തിന്റെ ധൂമപ്രപഞ്ചത്തിലാണ് ഭഗവാന്റെ എഴുന്നള്ളത്ത്. മൂന്ന് മണിക്കൂർ നേരം തായമ്പകയുടെ ശബ്ദതരംഗങ്ങൾ ആസ്വദിച്ച് തന്റെ പ്രജകൾക്ക് ഗുരുവായൂരപ്പൻ ദർശനം നൽകി. രാത്രിയിൽ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളുന്ന ഗുരുവായൂരപ്പന് മുന്നിൽ കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ വാദ്യവിദഗ്ദ്ധർ തായമ്പക അവതരിപ്പിക്കും.

ഇന്നലെ രാത്രി ഗുരുവായൂർ കൃഷ്ണകുമാറിന്റേതായിരുന്നു ആദ്യ തായമ്പക. തുടർന്ന് ഗുരുവായൂർ ഗോപൻ മാരാർ, രജീഷ് ഗുരുവായൂർ, കൃഷ്ണപ്രസാദ് ഗുരുവായൂർ എന്നിവർ ചേർന്ന് അവതരിപ്പിച്ച ത്രിബിൾ തായമ്പകയും പോരൂർ ഹരിദാസ് അവതരിപ്പിച്ച തായമ്പകയും അരങ്ങേറി.