ചാലക്കുടി: കെ.എസ്.ആർ.ടി.സി ഡിപ്പോ കോമ്പൗണ്ടിൽ നിന്നും അനധികൃതമായി മരം മുറിച്ച് മാറ്റിയെന്ന ജീവനക്കാരുടേയും നഗരസഭയുടേയും പരാതിയെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ വിഭാഗം എക്‌സി.ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മരം മുറിച്ച് മാറ്റിയ സ്ഥലങ്ങളും മറ്റും സംഘം നിരീക്ഷിച്ചു. നഗരസഭാ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിലും കൗൺസിലർമാരായ വി.ജെ. ജോജി, യു.വി. മാർട്ടിൻ എന്നിവരും അന്വേഷണ സംഘത്തിന്റെ മുന്നിലെത്തി പരാതികൾ നേരിട്ട് ബോധിപ്പിച്ചു. നഗരസഭയുടെ അധീനതയിലുള്ള കാനയിൽ വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായും വഴിയാത്രക്കാർക്ക് ഭീഷണിയായും നിന്നിരുന്ന മരം നഗരസഭ മുറിച്ച് മാറ്റിയതിന് ഡി.ടി.ഒ നഗരസഭ സെക്രട്ടറിക്കെതിരെ മനപൂർവം പൊലീസിൽ പരാതി നൽകിയെന്നും ഇവർ ആരോപിച്ചു. മാത്രമല്ല മുറിച്ച് മാറ്റാനായി ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ലഭിച്ച മരങ്ങളുടെ മറവിൽ വൻ തോതിൽ മരങ്ങൾ മുറിച്ച് മാറ്റിയെന്നും ഇവർ അന്വേഷണ സംഘത്തിന് മുന്നിൽ തെളിവുകൾ സഹിതം നിരത്തി. ലേല നടപടികൾ പൂർത്തീകരിക്കാതെ ഡി.ടി.ഒ അടക്കമുള്ളവർ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ വേണ്ടപ്പെട്ടവർക്ക് മുറിച്ച് മാറ്റാൻ അനുമതി നൽകിയതായും ഇവർ അറിയിച്ചു. കെ.എസ്.ആർ.ടി.സിയിലെ ഓയിലടക്കമുള്ള മാലിന്യങ്ങൾ നഗരസഭയുടെ കാനയിലേക്ക് തുറന്ന് വിടുകുകയാണെന്നും ഇതിന് നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. പരിശോധന റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.