ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവ നാളുകളിൽ ദർശന ശേഷം പ്രസാദമായി ഭഗവാന്റെ കഞ്ഞിയും പുഴുക്കും കഴിക്കുന്നത് ഭക്തർക്ക് വളരെ വിശേഷമാണ്. ഉത്സവം തുടങ്ങിയാൽ പിന്നെ ക്ഷേത്ര പരിസരമാകെ പുഴുക്കിന്റെ മണം നിറയും. കൊടിക്കയറിക്കഴിഞ്ഞാൽ നാലു കാതൻ ചരക്കിൽ പുഴുക്കിനുള്ള മുതിര അടുപ്പത്ത് കയറ്റും. അതിനനുസരിച്ചുള്ള ഇടിച്ചക്ക വെട്ടി നുറുക്കി തയ്യാറാക്കും. ദേവസ്വത്തിലെ മുഴുവൻ ജീവനക്കാർക്കും ആറാട്ട് ദിവസം വരെ പകർച്ച നൽകുന്നുണ്ട്. ദേവസ്വവുമായി ബന്ധപ്പെട്ടവർക്കും ഉത്സവബലി ദിവസമായ എട്ടാം വിളക്ക് വരെ പകർച്ച നൽകും. ഉത്സവത്തിന് കൊടിയേറിയ ശേഷം വെള്ളിയാഴ്ച്ച വൈകിട്ട് നാലമ്പലത്തിനകത്ത് നിന്ന് കൊണ്ടു വന്ന അഗ്നി ക്ഷേത്രം ഊരാളൻ അഗ്രശാലയിലെ അടുപ്പിലേക്ക് പകർന്നതോടെയാണ് ലക്ഷക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന അഗ്രശാലയുണർന്നത്.
ഉച്ചയ്ക്ക് കഞ്ഞിയും മുതിരയും, ഇടിചക്കയും ചേർത്ത് തയ്യാറാക്കുന്ന പുഴുക്കും, രാത്രി ചോറും ഭഗവാന് ഇഷ്ട്ടപ്പെട്ട രസക്കാളനുമാണ് പകർച്ചയായി നൽകുന്നത്. ഒപ്പം പപ്പടം, ശർക്കര, നാളികേരപ്പൂള് എന്നിവയും നൽകും. രാവിലെ 6 മുതലും വൈകിട്ട് 3 മുതലും ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് അന്നലക്ഷ്മി ഹാളിലാണ് പകർച്ച നൽകുന്നത്. എട്ടാം വിളക്ക് ദിവസമായ ഉത്സവബലി ദിനത്തിൽ ദേശപ്പകർച്ചയാണ്. ഗുരുവായൂർ നിവാസികളായ മുഴുവൻ പേർക്കും ഇന്നേ ദിവസം പകർച്ച നൽകും. 4000ൽ അധികം കുടുംബങ്ങളിലേക്കാണ് ദിവസവും പകർച്ച നൽകുന്നത്. പകർച്ചക്ക് പുറമെ തെക്കേനടയിൽ പ്രസാദ ഊട്ടും നടക്കുന്നുണ്ട്. നടി ലക്ഷ്മി ഗോപാല സ്വാമി ഇന്നലെ പ്രസാദ ഊട്ട് കഴിക്കാനെത്തി. പതിനായിരത്തോളം പേർ ഇന്നലെ പ്രസാദ ഊട്ടിനെത്തി..