ചാവക്കാട്: തെരുവുവിളക്കുകൾ തെളിക്കാൻ വൈദ്യുതി ബോർഡ് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് ചാവക്കാട് താലൂക്ക് വികസന സമിതിയിൽ ആക്ഷേപം. കഴിഞ്ഞ താലൂക്ക് വികസന സമിതിയിലും ഇക്കാര്യം ജനപ്രതിനിധികളും പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരും ഉന്നയിച്ചെങ്കിലും തെരുവുവിളക്കുകളുടെ കാര്യത്തിൽ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് പരാതി. പലയിടത്തും തെരുവുവിളക്കുകളുടെ ടൈമറുകൾ പ്രവർത്തിക്കാത്തതിനാൽ പകൽ മുഴുവനും തെളിയുകയും രാത്രി അണയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.
പലതവണ ബോർഡ് അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയെങ്കിലും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. തെരുവുവിളക്കുകളുടെ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നത് ഉടൻ വേണ്ടെന്നാണ് ബോർഡിന്റെ തീരുമാനമെന്ന് വൈദ്യുതി ബോർഡിനെ പ്രതിനിധീകരിച്ചെത്തിയ ഉദ്യോഗസ്ഥ പറഞ്ഞു. പരാതി ലഭിക്കുന്ന മുറയ്ക്ക് ബോർഡ് തന്നെ തെരുവുവിളക്കുകളുടെ കേടുപാടു തീർക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.
എന്നാൽ പരാതി പറഞ്ഞ് മടുത്തിട്ടും ബോർഡ് അധികൃതർ ഒരു നടപടിയും ഇക്കാര്യത്തിൽ എടുത്തില്ലെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. കരാറുകാരുടെ സമരം കാരണം തദ്ദേശസ്ഥാപനങ്ങളിൽ പല പദ്ധതികളും അവതാളത്തിലായെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി പറഞ്ഞു. ചാവക്കാട് സിവിൽ സ്‌റ്റേഷനിലെ കക്കൂസ് ടാങ്കിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നത് ശരിയാക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇത്തരം സംഭവങ്ങളിൽ സിവിൽ സ്‌റ്റേഷനിലെ ജീവനക്കാർക്കു തന്നെ പരിഹാരമുണ്ടാക്കാൻ കഴിയുമെങ്കിൽ താലൂക്ക് ഓഫീസിൽ നിന്ന് അനുമതി വാങ്ങി അതിനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് തഹസിൽദാർ സി.എസ്. രാജേഷ് പറഞ്ഞു.
ചാവക്കാട് നിന്ന് വൈകീട്ട് ഏഴരയ്ക്കു ശേഷം പെർമിറ്റ് ഉണ്ടായിട്ടും സ്വകാര്യബസുകൾ സർവീസ് നടത്തുന്നില്ലെന്നും ഇതുകാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്നും എം.കെ. ഷംസുദ്ദീൻ പറഞ്ഞു. സർവീസ് നടത്താത്ത ബസുകൾക്കെതിരെ നടപടി എടുക്കണമെന്നും സർവീസ് പുനരാരംഭിക്കണമെന്നും ഷംസുദ്ദീൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഡൽഹി കലാപം പാർലമെന്റ് നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെതിരെ പാർലമെന്റിനകത്ത് പ്രതിഷേധിച്ച തൃശൂർ എം.പി. ടി എൻ പ്രതാപൻ ഉൾപ്പടെയുള്ള ഏഴ് പാർലമെന്റ് അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ടി.എൻ. പ്രതാപൻ എം.പിയുടെ പ്രതിനിധി ഇർഷാദ് കെ. ചേറ്റുവ പ്രമേയത്തിലൂടെ പ്രതിഷേധം അറിയിച്ചു.
പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. വത്സല, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മന്ദലാംകുന്ന് മുഹമ്മദുണ്ണി, തോമസ് ചിറമ്മൽ, ടി.പി. ഷാഹു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.