തൃശൂർ: പേരാമംഗലം കോൾ നിലങ്ങളിൽ ഇരിപ്പൂ ഞവര കൃഷി സംസ്ഥാനത്ത് വ്യാപകമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു കഴിഞ്ഞതായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു. ഓപറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ഭാഗമായി ഞവര കൃഷിയുടെ വിത്ത് വിതയുടെ സംസ്ഥാനതല ഉദ്ഘാടനം പേരാമംഗലം കറുക കോൾ പടവിന്റെയും, മുണ്ടൂർ താഴം കോൾ പടവിന്റെയും നിലങ്ങളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോൾപ്പടവുകളിൽ 70 ഏക്കർ സ്ഥലത്താണ് ഞവര കൃഷി ആരംഭിച്ചിട്ടുള്ളത്. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ അഗ്രി. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച കർഷകനുള്ള ദേശീയ അവാർഡ് നേടിയ കൈപ്പറമ്പ് സ്വദേശി ഉണ്ണികൃഷ്ണൻ വടക്കുംചേരിയെ മന്ത്രി ആദരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുര്യാക്കോസ് വിശിഷ്ടാതിഥിയായി. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ജെ ആന്റോ, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. രാധാകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഉണ്ണിരാജൻ, കൃഷി ജോയിന്റ് ഡറക്ടർ ഗോപിദാസ്, ജില്ലാ കോൾ കർഷക സംഘം വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.