തൃശൂർ: സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി കാലവർഷത്തിന് മുൻപായി ജനപങ്കാളിത്തത്തോടെ തോടുകളും പുഴകളും വൃത്തിയാക്കി ഒഴുക്ക് പൂർവസ്ഥിതിയിൽ ആക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ 'എന്ന പദ്ധതി തൃശൂർ കോർപറേഷനിൽ തുടങ്ങി.

അഞ്ചര കിലോമീറ്റർ നീർച്ചാൽ റസിഡന്റ്സ് അസോസിയേഷനുകളുടെയും കോളേജ് വിദ്യാർത്ഥികളുടെയും എൻ.സി.സി പ്രവർത്തകരുടെയും കൗൺസിലേഴ്‌സ് ഉദ്യോഗസ്ഥർ ഹെൽത്ത് ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം വഴി വൃത്തിയാക്കി. തൃക്കുമാരംകുടം അമ്പലം പരിസരം മുതൽ റോസ് ഗാർഡൻ വരെ 14 കേന്ദ്രങ്ങൾ തിരിച്ചു നടപ്പിലാക്കിയ 'ഇനി ഞാൻ ഒഴുകട്ടെ ' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ റോസി, മുൻ മേയർ അജിത വിജയൻ, കൗൺസിലേഴ്‌സ് അനൂപ് ഡേവിസ് കാട, രാവുണ്ണി തുടങ്ങിയവർ പങ്കെടുത്തു.