തൃശൂർ: ആനകൾ ഇടഞ്ഞോടുന്നത്, വേനൽച്ചൂട് സഹിക്കാനാവാതെയും മതിയായ ഭക്ഷണവും വിശ്രമവും ലഭിക്കാതെയുമാണെന്ന് ആന ചികിത്സാ വിദഗ്ദ്ധർ. വെളളിയാഴ്ച തൃശൂരിൽ ഒളരിയിലും പീച്ചിയിലും അടക്കം മൂന്നിടത്ത് ആനകൾ ഇടഞ്ഞതിനു പിന്നാലെ ഇന്നലെ കോടത്തൂരിലും ആന ഭീതി പരത്തി.
ഇതോടെ, നാട്ടാന പരിശീലനചട്ടം കർശനമായും നടപ്പിലാക്കാൻ ശ്രമിക്കണമെന്ന ആവശ്യം ശക്തമായി. അതേസമയം, ഏഷ്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ആനയെന്ന വിശേഷണം കൊണ്ടും സൗന്ദര്യത്താലും നായകനായി മാറിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആരാധകരുടെ സ്വന്തം രാമൻ ഉത്സവപ്പറമ്പിലേക്ക് തിരിച്ചെത്തുന്നതിൻ്റെ ത്രില്ലിലാണ് ഉത്സവപ്രേമികൾ. കഴിഞ്ഞവർഷം തൃശൂർ പൂരത്തെ പ്രതിസന്ധിയിലാഴ്ത്തി രാമചന്ദ്രൻ, നായകനായും പ്രതിനായകനായും നിലകൊണ്ടപ്പോൾ കൊമ്പന്റെ വിലക്കിനെ ചൊല്ലി കൊമ്പുകോർക്കുകയായിരുന്നു നിയമവ്യവസ്ഥയും ആരാധകരായ ജനതയും. ഒടുവിൽ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുമായി തെക്കേഗോപുരനട തുറക്കാനെത്തിയതോടെയാണ് കോലാഹലം കെട്ടടങ്ങിയത്.
നാടോ കാടോ ?
പീഡനങ്ങളും അമിതജോലിയും നാട്ടാനകളുടെ ആയുസ് കുറയ്ക്കുന്നു. നാട്ടാനകളുടെ എണ്ണം കുറയുന്നതുമൂലം ആനകളെ കൂടുതൽ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കേണ്ടി വരുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് ആനകളെ അക്രമകാരികളാക്കുന്നതിൽ പ്രധാന വില്ലൻ. രാത്രിയിൽ തണുപ്പും പകൽ ഉയർന്ന ചൂടുമാണ്. മതിയായ ഉറക്കവും വിശ്രമവുമില്ലാതെ ആനകളെ ആഘോഷങ്ങൾക്ക് ഉപയോഗിച്ചാൽ അവ പ്രശ്‌നമുണ്ടാക്കാനുള്ള സാദ്ധ്യതയും കൂടുന്നു.
പ്രതികൂല ഘടകങ്ങൾ
# ഭക്ഷണവും വെള്ളവും വേണ്ടത്ര കൊടുക്കാതിരിക്കുന്നത് ഗുരുതരമാക്കുന്നു
# സമയത്തിന് എത്താനായി ലോറിയെ ആശ്രയിക്കുന്നു.
# ലോറിയിൽ കൊണ്ടുപോകുന്നത് ആരോഗ്യത്തിന് തകരാറുണ്ടാക്കും.
................
''ഭൂരിഭാഗം സ്ഥലങ്ങളിലും ആന ഇടയുന്നത് സുഭിക്ഷമായി ഭക്ഷണം കൊടുക്കാത്തത് കൊണ്ട് മാത്രമാണ്. ഡോക്ടർമാർക്ക് അത് കൃത്യമായി മനസിലാകും. തൃശൂർ പൂരത്തിന് സമൃദ്ധമായി പഴവും വെള്ളവും പനംപട്ടയുമെല്ലാം നൽകുന്നതുകൊണ്ട് തന്നെയാണ് ഒരു പ്രശ്‌നവുമുണ്ടാകാത്തത്. നാട്ടിൽ ആനകൾക്ക് വലിയ ആരോഗ്യസുരക്ഷയാണ് സർക്കാരും പ്രധാന ദേവസ്വങ്ങളുമെല്ലാം നൽകുന്നത്. എന്നാൽ ചെറിയ ക്ഷേത്രങ്ങളും ദേവസ്വങ്ങളും ആനയുടെ ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്തണം''
- തൃശൂരിൽ ആന ചികിത്സാ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഡോ. പി.ബി.ഗിരിദാസ്