മറ്റത്തൂർ: കൊടകര, വെള്ളിക്കുളങ്ങര റോഡിൽ തെങ്ങ് വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മറ്റത്തൂർകുന്ന് കുഴിക്കാണിയിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന തെങ്ങാണ് നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് കുറുകെ വീണത്. തെങ്ങിന്റെ കട ദ്രവിച്ചതാണ് ഒടിഞ്ഞുവീഴുന്നതിന് ഇടയാക്കിയത്. വീഴുന്നതിനിടെ തെങ്ങ് വൈദ്യുതി ലൈനിൽ തടഞ്ഞ് സ്പാർക്കിംഗും ശബ്ദവും ഉണ്ടായി. ഈ സമയം സഞ്ചരിച്ചിരുന്ന വാഹനങ്ങൾ നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടൻ തെങ്ങ് വെട്ടിമാറ്റി ഗതാഗതം പുനരാരംഭിച്ചു. മഴക്കാലമാകും മുൻപേ റോഡിലേക്ക് വീഴാനിടയുള്ള മരങ്ങൾ വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.