വടക്കേകാട്: ചക്കിത്തറ കോടത്തൂർ തറവാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് മൂന്നോടെ അഞ്ഞൂർ പൂങ്ങാട്ട് മനയിൽ നിന്നും മൂന്ന് ആനകളുമായി എഴുന്നള്ളിപ്പ് ആരംഭിച്ചതിന് പിന്നാലെ, അഞ്ഞൂർ സെന്ററിൽ വെച്ചായിരുന്നു ആന പാപ്പാനെ തട്ടിവീഴ്ത്തിയത്.
അയിനികുളങ്ങര മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. പരിഭ്രാന്തിയിലായ ജനം നാലുപാടും ചിതറിയോടി. ആനപ്പുറത്തുണ്ടായിരുന്ന ശരത്തിനെയും ജഗനെയും കൊണ്ട് ആന തിരിഞ്ഞു ഒരു കിലോമീറ്റർ ദൂരത്തോളം ചക്കിത്തറയിൽ ആനയെ തളച്ചിരുന്ന പറമ്പിൽ എത്തി ശാന്തനായി നിലയുറപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റു ആനകളുടെ പാപ്പാൻമാർ ചേർന്ന് ആനയെ തളച്ചു. ആനയെ പാപ്പാൻ ഉപദ്രവിച്ചതാകാം ഇടയാൻ കാരണമെന്ന് കരുതുന്നു. ആനയിടഞ്ഞതിനെ തുടർന്ന് മറ്റൊരാനയെ വെച്ച് എഴുന്നള്ളിപ്പ് പൂർത്തിയാക്കി.