kkmhostel
വനിതാ ഹോസ്റ്റല്‍.

കുന്നകുളം: നഗരസഭയിൽ വനിതാ ദിനത്തിൽ വനിതക്കൾക്കായി ഒരുക്കിയ ഹോസ്റ്റൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകുക എന്ന ആശയത്തിലൂന്നി അത്തരമൊരു കേന്ദ്രം ജില്ലയ്ക്ക് മാതൃകയായി കുന്നംകുളത്തു നിന്നും ആരംഭിച്ചു എന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
30 വർഷം മുൻപുള്ള ബഡ്ജറ്റുകൾ മുതൽ പ്രഖ്യാപിച്ചതായിരുന്നു നഗരസഭയ്ക്ക് കീഴിൽ ലേഡീസ് ഹോസ്റ്റൽ എന്നത്. കുന്നംകുളം നഗരസഭ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ ചെലവഴിച്ചാണ് വനിത ഹോസ്റ്റൽ ഒരുക്കിയിട്ടുള്ളത്. നഗരസഭാ ഹോമിയോ ആശുപത്രിയോട് ചേർന്ന് സ്റ്റാഫ് ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിലാണ് എല്ലാ ആധുനിക സൗകര്യങ്ങളോടെയുള്ള വനിതാ ഹോസ്റ്റൽ ഒരുക്കിയിട്ടുള്ളത്.

സർക്കാരിന്റെ ഷീ ലോഡ്ജ് പദ്ധതിയുമായി സഹകരിച്ച് രാത്രികാലങ്ങളിൽ കുന്നംകുളത്ത് എത്തുന്ന സ്ത്രീകൾക്ക് ലോഡ്ജിംഗ് സംവിധാനമായും ഈ വനിതാ ഹോസ്റ്റൽ പ്രവർത്തിക്കും. നിലവിൽ 26 പേർക്ക് താമസിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 9 വലിയ മുറികൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. താമസച്ചെലവുകൾ അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ജില്ലയിൽ ആദ്യമായാണ് നഗരസഭയ്ക്ക് കീഴിൽ വനിതാ ഹോസ്റ്റൽ സ്ഥാപിക്കുന്നത്.