ചാലക്കുടി: യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിന് വിജയം. 490 വോട്ടുകൾ നേടി പരിയാരം മണ്ഡലത്തിൽ നിന്നുള്ള വി.പി. അനിൽകുമാറാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥിയായിരുന്ന പോട്ടയിലെ മാർട്ടിനായിരുന്നു രണ്ടാം സ്ഥാനം. 410 വോട്ടുകൾ ലഭിച്ച മാർട്ടിനായിരിക്കും വൈസ് പ്രസിഡന്റ്.

എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ പരിയാരത്തെ പ്രിൻസിന് 43 വോട്ടുകൾ മാത്രമേ കിട്ടിയുള്ളു. എങ്കിലും ഇയാൾ ജനറൽ സെക്രട്ടറിയാകും. പത്തംഗ സമിതിയിലേക്ക് മൂന്നു പേരാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജിന് കനത്ത പ്രഹരമായി. മാർട്ടിന് വേണ്ടി, ബ്ലോക്ക് പ്രസിഡന്റ് അഹോരാത്രം പ്രവർത്തിച്ചിരുന്നു. എ ഗ്രൂപ്പ് സ്ഥാനാർത്ഥിക്ക് വോട്ട് കുറയാൻ കാരണം എബി ജോർജ്ജിന്റെ ഇടപെടലാണെന്ന് പറയുന്നു. എന്നിട്ടും തന്റെ സ്ഥാനാർത്ഥിയെ ഒന്നാം സ്ഥാനക്കാരനാക്കാൻ കഴിയാത്തത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിനായി കച്ചകെട്ടിയ കെട്ടിയിറങ്ങിയ എബി ജോർജ്ജിനെതിരെ അണിയറയിൽ നടന്ന നീക്കമായും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ കാണാൻ കഴിയും. നഗരസഭയിലെ കൗൺസിലിലെ രണ്ടു പ്രമുഖ നേതാക്കളാണ് നീക്കങ്ങൾക്ക് ചരടുവലിച്ചത്. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എബിക്കെതിരെ മെനയുന്ന തന്ത്രങ്ങളുടെ മുന്നോടിയാണ് ഇതെന്നും പറയുന്നു.