തൃശൂർ: ജില്ലയിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡൻ്റും, വൈസ് പ്രസിഡന്റും ഏഴ് മണ്ഡലങ്ങളും അടക്കമുളള സ്ഥാനങ്ങളും ഐ ഗ്രൂപ്പ് സ്വന്തമാക്കി. ആറ് മണ്ഡലങ്ങളാണ് എ ഗ്രൂപ്പ് നേടിയത്. ഒ.ജെ ജനീഷ് ആണ് ജില്ലാ പ്രസിഡൻ്റ്. നേരത്തെ ഗ്രൂപ്പ് നേതൃത്വങ്ങൾ തമ്മിലുള്ള ചർച്ചയിൽ ധാരണയാവാതിരുന്നതിനെ തുടർന്ന് കുന്നംകുളം, ഗുരുവായൂർ, തൃശൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി എന്നീ മണ്ഡലങ്ങളിൽ മാത്രമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ തന്നെ അവസാന നിമിഷത്തിൽ കുന്നംകുളവും, ഇരിങ്ങാലക്കുടയും ധാരണയായതിനെ തുടർന്ന് മത്സരമൊഴിവാക്കി. തൃശൂരിൽ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെ വിശാല ഐ ഗ്രൂപ്പും എ ഗ്രൂപ്പും പിന്തുണച്ച സ്ഥാനാർത്ഥിക്കെതിരെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ എ. പ്രസാദ് നിറുത്തിയ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. മൂന്ന് മണ്ഡലങ്ങളിൽ ഐ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. ഇവിടെ വിമതൻമാർ വിജയിച്ചു. ജില്ലയിൽ വാശിയേറിയ മത്സരം നടന്നത് തൃശൂർ മണ്ഡലത്തിലായിരുന്നു. കഴിഞ്ഞ 27ന് ഓൺലൈൻ മുഖേനയായിരുന്നു തിരഞ്ഞെടുപ്പ്. സാങ്കേതിക തടസങ്ങളുടെയും പരിശോധനകളുടെയും പേരിൽ ഫലപ്രഖ്യാപനം നീട്ടുകയായിരുന്നു.