തൃശൂർ: ടാഗോർ സെന്റിനറി ഹാളിൽ നിന്നും നിയമവിരുദ്ധമായി മണ്ണ് കടത്തിയെന്നും അഴിമതിയുണ്ടെന്നുമുള്ള കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി വി.എസ് സുനിൽകുമാർ. മണ്ണെടുപ്പ് വിവാദം രാഷ്ട്രീയ താൽപ്പര്യം മാത്രമാണെന്നും നിയമപരമായ ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണ് പ്രവൃത്തികൾ നടത്തുന്നതെന്നും സ്ഥലം സന്ദർശിച്ച മന്ത്രി പ്രതികരിച്ചു. നേരത്തെയുണ്ടായിരുന്ന ടാഗോർ സെന്റിനറി ഹാൾ അല്ല, ഏറ്റവും ആധുനികമായ രീതിയിലാണ് പുതിയ ഹാൾ തയ്യാറാക്കുന്തെന്നും മന്ത്രി പറഞ്ഞു. മേയർ അജിത ജയരാജൻ, മുൻ മേയർ അജിത വിജയൻ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പ്രദേശം സന്ദർശിച്ച മന്ത്രി പ്രവൃത്തികൾ വിലയിരുത്തി. സാങ്കേതിക തടസങ്ങളുണ്ടെങ്കിൽ പരിഹരിക്കാനും വേഗത്തിൽ നിർമ്മാണ നടപടികളിലേക്ക് കടക്കാനും നിർദ്ദേശം നൽകി.