പാവറട്ടി: വാക, ചേലൂർ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ പൂരാഘോഷം ഭക്തി സാന്ദ്രമായി. പൂരം കൂട്ടിയെഴുന്നള്ളിപ്പിൽ എട്ട് ആനകൾ അണിനിരന്നു. തൃശ്ശിവപേരൂർ ആദി കേശവൻ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് ശങ്കരപുരം പ്രകാശൻ മാരാരും മേളത്തിന് അടാട്ട് കുട്ടനും പ്രമാണം വഹിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് തന്ത്രി എൻ.എസ്. വേലായുധൻ കാർമ്മികനായി.
ഉത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ മലർ നിവേദ്യം, വിശേഷാൽ പൂജാ, ശ്രീഭൂതബലി, ശീവേലി, രാത്രി വിളക്കിന് എഴുന്നള്ളിപ്പ് എന്നിവ നടന്നു. തിങ്കളാഴ്ച പള്ളിവേട്ടയ്ക്കും ദീപാരാധനയ്ക്കും ശേഷം ശ്രീഭൂതബലി, അങ്കുരം എഴുന്നള്ളിപ്പ്, ഗ്രാമബലി, താലം, അന്നദാനം, പള്ളിവേട്ട എന്നിവ ഉണ്ടാവും.
പത്തിന് രാവിലെ അലങ്കാര മണ്ഡപത്തിൽ നിന്ന് തിരിച്ചെഴുന്നള്ളത്ത്, കാഴ്ചശീവേലി, ദീപാരാധനയ്ക്ക് ശേഷം ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, കലശാഭിഷേകം, മംഗള പൂജ, കൊടിയിറക്കൽ, അന്നദാനം എന്നിവ ഉണ്ടായിരിക്കും.