തൃശൂർ: കോവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജില്ലയിൽ ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ടക്കാരുമായി സമ്പർക്കം പുലർത്തിയ 11 പേരെ കണ്ടെത്തി ഹോം ക്വാറന്റൈൻ ചെയ്തു. ഇറ്റലിയിൽ നിന്നും വന്ന ഫ്ലൈറ്റിൽ ഉണ്ടായിരുന്നവരാണ് ഇവർ. ഇതിൽ 6 പേർ ഹൈ റിസ്ക് ഗണത്തിൽ പെടുന്നു. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലയിൽ 162 പേർ ആണ് നിരീക്ഷനത്തിൽ ഉള്ളത്. 142 പേർ വീടുകളിലും, 20 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിൽ തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2, ജില്ല ആശുപത്രിയിൽ 2, ചാലക്കുടി 3, കുന്നംകുളം 1, ഇരിങ്ങാലക്കുട 1, കൊടകര 1, തൃശൂർ സരോജ നഴ്സിംഗ് ഹോമിൽ 1 എന്നിങ്ങനെയാണ് ആശുപത്രിയിൽ ഉള്ളവർ. 11 പേരുമായും സമ്പർക്കം പുലർത്തിയവരുടെ ലിസ്റ്റ് നാളെ തന്നെ തയ്യാറാക്കും. ജില്ലയിൽ ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആവശ്യമായ മെഡിക്കൽ ടീമിനെ വിന്യസിപ്പിക്കും. അവിടെ വെച്ച് തന്നെ ട്രാവൽ ഹിസ്റ്ററി പരിശോധിച്ചു മാത്രം ജില്ലയിലേക്ക് പ്രവേശനം നൽകും. അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്ന റിസോർട്ടുകളിലും, ഹോം സ്റ്റേകളിലും താമസിക്കുന്നവരെ നിരീക്ഷിക്കും.

റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വരുന്നവരെ അവിടെ വെച്ച് തന്നെ പരിശോധന നടത്താൻ മൂന്ന് ഇൻഫ്രാറെഡ് തെർമൽ സ്കാനർ ഉടൻ വാങ്ങാൻ മന്ത്രി നിർദ്ദേശം നൽകി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമം എടുക്കാനും യോഗം തീരുമാനിച്ചു. തളിക്കുളം സീതാറാം ആയുർവേദ റിസോർട്ടിലും, എസ്.എൻ.എ ആയുർവേദ ആശുപത്രിയിലും ചികിത്സയ്ക്കായി എത്തിയ വിദേശീയരെയും നിരീക്ഷിക്കും. യോഗത്തിൽ ജില്ല കളക്ടർ എസ്. ഷാനവാസ്‌, ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, ഡി.എം.ഓ ഡോ. റീന, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആൻഡ്രുസ് തുടങ്ങിയവർ പങ്കെടുത്തു