തൃശൂർ: സിറ്റി പൊലീസ് ആഗോള ഇലക്ട്രോണിക്‌സ് ഉത്പാദകരായ ടി.സി.എൽ ഇലക്ട്രോണിക്‌സിന്റെ സഹകരണത്തോടെ റോഡ് സുരക്ഷ ബോധവത്കരണ പ്രചരണ പരിപാടി സംഘടിപ്പിച്ചു. തൃശൂർ രാഗം തിയ്യറ്ററിനു മുൻവശം നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ അദ്ധ്യക്ഷനായി. നടൻ ഉണ്ണി മുകുന്ദൻ മുഖ്യാതിഥിയായി. മേയർ അജിത ജയരാജൻ റോഡ് സുരക്ഷാ സന്ദേശം നൽകി.
എ.സി.പി: വി.കെ. രാജു, ടി.സി.എൽ കമ്പനി പ്രതിനിധികളായ വിവേക് വിജയൻ, ജുബിൻ പീറ്റർ എന്നിവർ പങ്കെടുത്തു. കേരളത്തിലെ നിരത്തുകളിൽ മരണത്തിനിരയാകുന്നത് 40 ശതമാനവും ഇരുചക്ര വാഹനയാത്രികരാണെന്നും ഇത് തടയാൻ പൊലീസുമായി ചേർന്ന് ക്രൗൺ ഫൊർ സേഫ്ടി റോഡ് സുരക്ഷാ ബോധവത്കരണ പ്രചാരണത്തിൽ പങ്കാളികളാകുന്നതിൽ ടി.സി.എൽ ഇലക്ട്രോണിക്‌സ് പ്രതിജ്ഞാബദ്ധരാണെന്നും ടി.സി.എൽ ക്യൂ3 വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്ടർ ജൂബിൻ പീറ്റർ പറഞ്ഞു.
സുരക്ഷിത യാത്ര ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹന യാത്രികർക്ക് സൗജന്യമായി ഹെൽമറ്റുകളും ടീ ഷർട്ടുകളും വിതരണം ചെയ്തു. റോഡ് സുരക്ഷയും ഹെൽമെറ്റ് ധരിച്ചുള്ള ഇരുചക്ര വാഹനയാത്രയും പ്രമേയമാക്കി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനം പൂങ്കുന്നം, അമല നഗർ പ്രദേശങ്ങളിൽ പര്യടനം നടത്തി. ക്യാമ്പയിനിൽ ചാക്യാർക്കൂത്ത്, തെരുവ് നാടകം, അമേരിക്കൻ ആഡംബര ക്രൂയിസർ ബൈക്ക് ഹാർലിഡേവിഡ്‌സൺ വാഹന റാലി, പോലീസ് ബാൻഡ് എന്നിവയും ഉണ്ടായി.