മാള: സ്ത്രീ സംവിധായകർ രണ്ട് പേർ ചേർന്ന് രൂപപ്പെടുത്തിയ ചലച്ചിത്രത്തിന്റെ പ്രദർശനവും അവരിലൊരാളുമായുള്ള സംവാദവും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ട് പ്രമുഖ വനിതകളുടെ പ്രഭാഷണങ്ങളും ഗ്രാമികയിൽ നടക്കുന്ന മോഹനം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ വനിതാദിനാചരണം ശ്രദ്ധേയമാക്കി. ഇന്ത്യയുടെ ഭാവിയും നിലനിൽപ്പും സ്ത്രീകളുടെ കൈകളിൽ സുരക്ഷിതമാണെന്ന് സമീപകാല സ്ത്രീ മുന്നേറ്റങ്ങൾ നമുക്ക് പ്രതീക്ഷ നൽകുന്നതായി പ്രമുഖ സാമൂഹിക പ്രവർത്തക പ്രൊഫ. കുസുമം ജോസഫ് അഭിപ്രായപ്പെട്ടു.
ഫാസിസ്റ്റ് നിയമങ്ങൾക്കെതിരെ ഉയർന്നുവരുന്ന ഷഹീൻബാഗുകൾ സ്ത്രീകളുടെ ഉണർവിനെയാണ് കാട്ടിത്തരുന്നത്. മോഹനം ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന വനിതാദിന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. കാലടി സംസ്‌കൃത സർവകലാശാലയിലെ വേദാന്ത വിഭാഗം മേധാവി ഡോ. കെ. മുത്തുലക്ഷ്മിയും പ്രഭാഷണം നടത്തി. കെ.എസ്. കവിത അദ്ധ്യക്ഷയായി. ചലച്ചിത്ര സംവിധായിക ഉമ കുമരപുരം, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജിത സുബ്രഹ്മണ്യൻ, മിനി മോഹൻദാസ്, നദിയ റഹ്മാൻ എന്നിവർ സംസാരിച്ചു.
അമേരിക്കക്കാരിയായ നിക്കോൾ ഡോണാഡിയോയും മലയാളിയായ ഉമ കുമരപുരവും ചേർന്ന് സംവിധാനം ചെയ്ത എക്രോസ് ദി ഓഷ്യൻ എന്ന ഇംഗ്ലീഷ് / മലയാളം ചലച്ചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് ഉമ കുമരപുരവുമായി നടന്ന സംവാദത്തിൽ പ്രേക്ഷകർ സജീവമായി പങ്കെടുത്തു. തങ്ങൾ രണ്ടു പേരും ഒരിക്കൽ പോലും പരസ്പരം കാണാതെ, കേരളത്തിലും അമേരിക്കയിലും നിന്നുകൊണ്ട് അതാതിടത്തെ ഷൂട്ടിംഗ് പൂർത്തിയാക്കി മനോഹരമായൊരു ചലച്ചിത്രം ഒരുക്കിയതിന്റെ അപൂർവ്വാനുഭവങ്ങൾ അവർ വിവരിച്ചു. യു.എസ്. അജയകുമാർ മോഡറേറ്ററായിരുന്നു. ഡോ. വി.പി. ജിഷ്ണു സ്വാഗതവും ഗൗതം വി.പി. നന്ദിയും പറഞ്ഞു.
ചലച്ചിത്രോത്സവത്തിൽ ഇന്ന്
അഷ്ടമിച്ചിറ മഹാലക്ഷ്മിയിൽ രാവിലെ 10ന് മറാത്തി ചിത്രം വൈ, 12.30ന് അൾജീരിയൻ ഫ്രഞ്ച് ചിത്രം പാപ്പിച്ച, ഗ്രാമികയിൽ 6.30ന് നിരവധി പുരസ്‌കാരങ്ങൾ നേടിയ, മമ്മുട്ടി മുഖ്യ വേഷം ചെയ്യുന്ന തമിഴ് ചിത്രം പേരൻപ് എന്നിവ പ്രദർശിപ്പിക്കും.